വയനാട് ലോക്‌സഭ സീറ്റിൽ മണ്ഡലത്തിൽ നിന്ന് തന്നെയുള്ളയാളെ സ്ഥാനാർത്ഥിയാകണമെന്ന് ഐസി ബാലകൃഷ്ണൻ; വിയോജിപ്പുകൾ തുറന്ന് പറയേണ്ടത് പാർട്ടിക്കകത്തെന്ന് മുല്ലപ്പള്ളി
യൂത്ത് കോൺഗ്രസിന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. വിയോജിപ്പുകളുണ്ടെങ്കിൽ അത് തുറന്ന് പറയേണ്ടത് പാർട്ടിക്കകത്താണ്.പരസ്യമായ അഭിപ്രായപ്രകടനം ഒരു നിലക്കും വച്ച് പുലർത്തില്ലെന്നും, അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മുല്ലപ്പളളി വയനാട്ടിൽ ട്വന്റി ഫോറിനോട് പറഞ്ഞു.വയനാട് ലോക്‌സഭ സീറ്റ് വിഷയത്തിലെ യൂത്ത് കോൺഗ്രസ് പ്രമേയത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റിന്റെ വിമർശനം
വയനാട് ലോക്‌സഭ മണ്ഡലത്തിൽ മലബാറിന് പുറത്ത് നിന്നുളള സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്യേണ്ടെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രമേയം.തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പരിഗണന നൽകണമെന്നും പ്രമേയത്തിൽ പറയുന്നു.എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള യൂത്ത് കോൺഗ്രസിന്റെ ഈ നീക്കമാണ് കെപിസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചത്.അഭിപ്രായം പറയാൻ ഒരുപാട് വേദികളുളള പാർട്ടിയാണ് കോൺഗ്രസ്,ഈ അവസരങ്ങളൊക്കെ നിലനിൽക്കെ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പളളി ട്വന്റി ഫോറിനോട് പറഞ്ഞു.
അച്ചടക്കലംഘനം തുടരുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും. വയനാട് സീറ്റ് ജില്ലയ്ക്ക് പുറത്ത് നിന്നുളള മുതിർന്ന നേതാവിന് നൽകാൻ പാർട്ടി ആലോചന ശക്തമാണെന്നിരിക്കെ വരും ദിവസങ്ങളിൽ പോഷകസംഘടനകളുടേതുൾപ്പെടെ പ്രതിഷേധം ശക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.
വയനാട് ലോക്‌സഭ സീറ്റിൽ മണ്ഡലത്തിൽ നിന്ന് തന്നെയുളള ഒരാൾ സ്ഥാനാർത്ഥിയാകണമെന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും പൊതുവികാരമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. മണ്ഡലം ഉൾപ്പെടുന്ന മൂന്ന് ഡിസിസികളും ചേർന്നേ ഇത്തവണ സ്ഥാനാർത്ഥിയെ തീരുമാനിക്കുവെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു.അതേസമയം പാർട്ടി ആവശ്യപ്പട്ടാൽ വയനാട്ടിൽ മത്സരിക്കുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാനും വ്യക്തമാക്കി
മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ,കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ,ടി,സിദ്ധിഖ്,കെപിസിസി സെക്രട്ടറി കെപി ആബ്ദുൾ മജീദ് ഇങ്ങനെ പല മുതിർന്ന നേതാക്കളും വയനാട് സീറ്റിനായി തയ്യാറെടുക്കുന്നതായാണ് വിവരം. പോരെങ്കിൽ മുസ്ലീം ലീഗിനും യൂത്ത് കോൺഗ്രസിനും വരെ വയനാട്ടിൽ കണ്ണുണ്ട്. ഇതിനിടെയാണ് ഒരിക്കൽക്കൂടി നിലപാട് വ്യക്തമാക്കി ഡിസിസി രംഗത്തെത്തുന്നത്. ജില്ലയെ അറിയുന്ന,ജില്ലയിലെ ഭൂരിഭാഗം വരുന്ന കർഷകരെ അറിയുന്ന സ്ഥാനാർത്ഥി മതി ഇത്തവണയെന്നാണ് ജില്ല കോൺഗ്രസ് കമ്മറ്റി നിലപാട്.ഇക്കാര്യം ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. ജില്ല കോൺഗ്രസ് കമ്മറ്റിയുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെങ്കിൽ ടി സിദ്ധിഖ് സ്ഥാനാർത്ഥിയാകാൻ സാധ്യതകളെറെയാണ്.അതേസമയം വയനാട്ടിൽ പാർട്ടി പരിഗണിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ ട്വന്റി ഫോറിനോട് പറഞ്ഞു. ജില്ല കമ്മറ്റിയുടെ അഭിപ്രായം മാനിക്കാതെയാണ് സ്ഥാനാർത്ഥി നിർണ്ണയമെങ്കിൽ മണ്ഡലത്തിന് പുറത്ത് നിന്നുളള മുതിർന്ന നേതാക്കളിലാരെങ്കിലും ഇത്തവണയും ചുരം കയറി വയനാട്ടിലെത്താനാണ് സാധ്യത
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here