Advertisement

‘റെക്കോര്‍ഡ് ബുക്കു’ മായി രോഹിത്; ട്വന്റി20 റണ്‍വേട്ടയില്‍ ഒന്നാമത്

February 8, 2019
5 minutes Read

ഓക്‌ലന്‍ഡിലെ ഏദന്‍പാര്‍ക്ക് മൈതാനത്ത് ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 യില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയിലൂടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തിരുത്തിയത് ഒരുപിടി റെക്കോര്‍ഡുകള്‍. അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടം രോഹിത്  സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പിന്തള്ളിയാണ് നേട്ടം. 2288 റണ്‍സുമായാണ് ട്വന്റി20 യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ഒന്നാമനായത്.

92 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് ശര്‍മ്മ 4 സെഞ്ച്വറികളും 16 അര്‍ധസെഞ്ച്വറികളുടെയും മികവിലാണ് റണ്‍വേട്ടയില്‍ മുന്നിലെത്തിയിരിക്കുന്നത്. 118 റണ്‍സാണ് രോഹിതിന്റെ ട്വന്റി20 യിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. പട്ടികയില്‍ രണ്ടാംസ്ഥാനക്കാരനായ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ സമ്പാദ്യം 2272 റണ്‍സാണ്. 2263 റണ്‍സോടെ പാക് താരം ഷൊയബ് മാലിക്കാണ് മൂന്നാം സ്ഥാനത്തുള്ളത്. 2167 റണ്‍സുമായി വിരാട് കോഹ്‌ലി നാലാമതുമുണ്ട്.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിനു പുറമേ വേറെയും നേട്ടങ്ങള്‍ ഓക്‌ലന്‍ഡില്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കി. മത്സരത്തില്‍ 4 സിക്‌സ് നേടിയ രോഹിത് ട്വന്റി20യില്‍ തന്റെ സിക്‌സുകളുടെ എണ്ണം 100 കടത്തി. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ്. 102 സിക്‌സുമായി രണ്ടാം സ്ഥാനത്തുള്ള രോഹിതിന് മുന്നിലുള്ളത് 103 സിക്‌സ് വീതം അടിച്ചിട്ടുള്ള ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലും വിന്‍ഡീസിന്റെ ക്രിസ് ഗെയിലുമാണ്.

Read More: രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്സ് മികവില്‍ 349 സിക്സുകളുമായി നാലാമതാണ്‌ രോഹിതിന്റെ സ്ഥാനം. ഷഹിദ് അഫ്രീദി, ക്രിസ് ഗെയ്ല്‍(476), ബ്രണ്ടന്‍ മക്കലം(398), സനത് ജയസൂര്യ (352) എന്നിവരാണ് മുന്നിലുള്ളത്.ഇതിനു പുറമേ ട്വന്റി20 യില്‍ ഏറ്റവും കൂടുതല്‍ തവണ 50 പിന്നിടുന്ന താരമെന്ന നേട്ടവും രോഹിത് ശര്‍മ്മ സ്വന്തം പേരിലാക്കി. 16 അര്‍ധസെഞ്ച്വറികളും 4 സെഞ്ച്വറികളും ഉള്‍പ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്. ഇതോടെ 19 തവണ 50 കടന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡ് വഴിമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top