മദര്‍ സുപ്പീരിയര്‍ അയച്ചത് വ്യക്തിപരമായ സന്ദേശം; സ്ഥലം മാറ്റ ഉത്തരവില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജലന്തര്‍ രൂപത വക്താവ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലം മാറ്റ നടപടി റദ്ദാക്കിയിട്ടില്ലെന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അഡ്മിനിസ്‌ട്രേറ്ററുടെ അറിവോടെയെന്ന് ജലന്ധര്‍ രൂപതാ വക്താവ് പീറ്റര്‍ കാവുംപുറം. ജലന്തര്‍ പിആര്‍ഒയ്ക്ക് സ്വന്തമായി പ്രസ്താവന ഇറക്കാനാകില്ല. കന്യാസ്ത്രീകളുടെ സ്ഥലം മാറ്റ ഉത്തരവില്‍ ഉറച്ച് നില്‍ക്കുന്നു. മേലധികാരികളുടെ ഉത്തരവ് അംഗീകരിക്കണോ വേണ്ടയോയെന്ന് കന്യാസ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്നും പീറ്റര്‍ കാവുംപുറം പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ കന്യാസ്ത്രീകള്‍ക്ക് അയച്ചത് വ്യക്തിപരമായ സന്ദേശമാണെന്നും പീറ്റര്‍ കാവുംപുറം കൂട്ടിച്ചേര്‍ത്തു.
ജലന്തര്‍ രൂപത പിആര്‍ഒയുടെ കത്ത് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി സിസ്റ്റര്‍ അനുപമ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു.ജലന്തര്‍ രൂപതയുടെ സുപ്രീം ആയിട്ടുള്ള അതോറിറ്റി ബിഷപ്പ് ആഗ്നലോയാണെന്നും അതിന്റെ ഇടയില്‍ ജലന്തര്‍ പിആര്‍ഒയുടെ കത്ത് എങ്ങനെയാണെന്ന് അറിയില്ലെന്നും അനുപമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ തന്നെയാണോ അവിടെ അധികാരി എന്ന ചേദ്യമാണ് ഇതിലൂടെ ഉയരുന്നത്. തങ്ങള്‍ക്കെതിരേയും വീട്ടുകാര്‍ക്കെതിരേയും കേസ് കൊടുത്തത് പീറ്റര്‍ കാവുംപുറമാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ് പീറ്റര്‍ കാവുംപുറമെന്നും അനുപമ നിലപാട് വ്യക്തമാക്കിയിരുന്നു. സ്ഥലംമാറ്റ നടപടി റദ്ദുചെയ്തില്ലെന്ന് കാണിച്ച് പീറ്റര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയതുമായി ബന്ധപ്പെട്ടായിരുന്നു അനുപമയുടെ വിശദീകരണം.
കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാമെന്ന് കാണിച്ച് മദര്‍ സുപ്പീരിയര്‍ ആഗ്നലോ കന്യാസ്ത്രീകള്‍ക്ക് കത്ത് നല്‍കിയിരുന്നു. സിസ്റ്റര്‍ അനുപമ തന്നെയായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ച് പീറ്റര്‍ കാവുംപുറം വാര്‍ത്താകുറിപ്പിറക്കുകയായിരുന്നു. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ രൂപത അധ്യക്ഷന്‍ ഇടപെടാറില്ലെന്നും കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം നല്‍കുകയല്ല, മറിച്ച് മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തതെന്നുമായിരുന്നു വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here