ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട്; മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല, എല്ലാവരേയും ഒന്നിച്ച് നിറുത്താനാണ് ശ്രമിച്ചതെന്ന് കണ്ണന്താനം

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല. കേന്ദ്രം നേരിട്ട് ഉദ്ഘാടനം തീരുമാനിച്ചതില്‍ മുഖ്യമന്ത്രി നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍, എ സമ്പത്ത്, രിച്ചാര്‍ഡ് ഹേ, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനാണ് താന്‍ ശ്രമിച്ചതെന്ന് കണ്ണന്താനം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ശ്രീനാരായണ സര്‍ക്യൂട്ടിന് ആശയം നല്‍കിയത് സംസ്ഥാന സര്‍ക്കാരെന്ന് കടകംപള്ളിയും പറഞ്ഞു. പദ്ധതയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത് സംസ്ഥാനമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിക്കാനും ചര്‍ച്ച നടത്താനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. കേന്ദ്ര ടൂറിസം മന്ത്രിയുമായി താന്‍ നിരന്തര ബന്ധം പുലര്‍ത്തി. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനെ മാറ്റി നിര്‍ത്താന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം മുടക്കിയ 67 കോടി രൂപ ചെലവിലാണ് സർക്യൂട്ട് . കേന്ദ്രം പണം മുടക്കിയെങ്കിലും ആശയം അവതരിപ്പിച്ചതും വിശദ പദ്ധതി രേഖ നൽകിയതും സംസ്ഥാനമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സംസ്ഥാനവുമായി കൂടിയാലോചിച്ചാണ് ഉദ്ഘാടന തീയതി തീരുമാനിച്ചതെന്നാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാദം. 67 കോടി രൂപയാണ് പദ്ധതിക്ക് കേന്ദ്രം ചെലവിടുന്നത്.
ശിവഗിരി തീര്‍ത്ഥാടന ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രിക്കും നേരത്തേ കത്ത് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. സംസ്ഥാനത്തിന്റെ അനുമതി ഈ പദ്ധതിക്ക് ആവശ്യമില്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്നും കണ്ണന്താനം പ്രതികരിച്ചു.
സംസ്ഥാനം അറിയാതെ ഉദ്ഘാടനം നിശ്ചയിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കണ്ണന്താനത്തിന് എതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. കണ്ണന്താനം ഫെഡറല്‍ സംവിധാനത്തിന് എതിരായി പെരുമാറുന്നുവെന്നാണ് കത്തിലെ ആരോപണം.കേന്ദ്രാവിഷ്കൃത പദ്ധതിയെങ്കിലും ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് എന്ന ആശയവും വിശദ പദ്ധതി രേഖയും സമർപ്പിച്ചത് സംസ്ഥാന സർക്കാരാണെന്ന് കത്തിൽ പറയുന്നു. ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതി ഫെഡറൽ തത്വത്തിനെതിരാണ്. പദ്ധതിയുടെ നിർവഹണ ചുമതല കെടിഡിസി യെ തഴഞ്ഞ് ഐടിഡിസിയെ ഏൽപ്പിച്ചതിലും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ല. അല്‍ഫോണ്‍സ് കണ്ണന്താനും അയച്ച കത്തിന്‍റെ പകര്‍പ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് എഴുതിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here