ഫഹദിക്ക ‘ഷമ്മി’യായി ഓപ്പോസിറ്റ് നില്‍ക്കുമ്പോള്‍ ‘സിമി’യ്ക്ക് ഭയമൊക്കെ താനെ വന്നോളും; ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്സില്‍ ഷമ്മിയുടെ (ഫഹദ്) ഭാര്യ വേഷത്തിലെത്തിയ ‘സിമിമോളു’ടെ കണ്ണിലെ ഭയം ചിത്രം കണ്ട ഓരോ പ്രേക്ഷകന്റേയും കണ്ണിലുടക്കിക്കാണും. ഒരു നവവധുവിന്റെ അപരിചത്വത്തിനും മുകളിലായിരുന്നു സിമിയുടെ കണ്ണില്‍ നിഴലിച്ചിരുന്ന ഭയം. ഭാര്യയുടെ വീടിന്റെ രക്ഷകര്‍ത്താവായി ഷമ്മി സ്വയം അവരോധിക്കുന്നതിനിടെ ഒരു വേളയില്‍ സിമി തല കുമ്പിട്ട് നിന്നാണെങ്കിലും ആ വീട്ടിലെ കുടുംബനാഥയാകുന്നതും നമ്മള്‍ കണ്ടു. ഭര്‍ത്താവിനെയും അയാളുടെ സ്വഭാവത്തേയും മനസിലാക്കിയെടുക്കുന്നതിന് മുമ്പുള്ള ഭാര്യയെ ഗ്രേസ് ആന്റണിയെന്ന നടി ഗംഭീരമായി തന്നെ അവതരിപ്പിച്ചു. എറണാകുളം പെരുമ്പിള്ളി സ്വദേശിനിയായ ഗ്രേസ് ആന്റണിയെ നമുക്ക് ഹാപ്പി വെഡ്ഡിംഗ് മുതല്‍ പരിചയമുണ്ട്. സീനിയേഴ്സ് റാഗ് ചെയ്യുമ്പോള്‍ നിറുത്താത പാട്ട് പാടുന്ന ആ യൂണിഫോമുകാരി തന്നെയാണ് കുമ്പളങ്ങിയില്‍ സിമിയായി എത്തിയതും.
ഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴാണ് ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിക്കുന്നത്. ഒരു കാസ്റ്റിംഗ് കോള്‍ കണ്ട് പോയതാണ്. ചെറുപ്പം മുതല്‍ സിനിമകളെ ഇഷ്ടമാണ്, അഭിനയിക്കണം എന്ന ആഗ്രഹം അതിന് മുമ്പേ മനസില്‍ വേരുറച്ച് പോയതാണ്. സിനിമാഭ്രമത്തിന്റെ പേരില്‍ അമ്മയുടേയും അച്ഛന്റേയും കയ്യില്‍ നിന്ന് ഒരുപാട് അടി വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. ഹാപ്പി വെഡ്ഡിംഗിലെ അഭിനയത്തിലൂടെ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലും ലക്ഷ്യത്തിലും അവസരം ലഭിച്ചു. കുമ്പളങ്ങിയിലേക്കും വഴി വച്ചത് ഹാപ്പി വെഡ്ഡിംഗ്സാണ്.
https://youtu.be/JSyZY2TSYvo
കുമ്പളങ്ങി കണ്ട ആര്‍ക്കും ഗ്രേസിന്റെ കണ്ണിലെ ഭയവും, നവവധുവിന്റെ അപരിചത്വവും മറക്കാനാവില്ല? ആഴമേറിയ സൂക്ഷ്മാഭിനയം, അതങ്ങനെ?
കണ്ണില്‍ ഭയം വരണമെന്ന് ശ്യാമേട്ടനും മധുചേട്ടനും പറഞ്ഞ് തന്നിരുന്നു. സിമിയെ കുറിച്ചുള്ള ചെറിയ പോയന്റ്സ് വരെ പറഞ്ഞ് തരും. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് തന്നെ സിമിയെ കുറിച്ചുള്ള വ്യക്തമായ ധാരണ അവരെനിക്ക് തന്നു. അത് കൊണ്ട് സിമിയെ കുറിച്ച് രണ്ടാമത് ഒരു ആലോചന ഒരിക്കലും വേണ്ടി വന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ക്ലാസുകളുണ്ടായിരുന്നു. അതില്‍ ഒരു ക്ലാസ് പോത്തേട്ടന്റേതായിരുന്നു. സിമിയുടെ ഭയം കണ്ണിലാണ് വരേണ്ടതെന്ന് ആ ക്ലാസില്‍ വച്ചാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
എങ്കിലും ഫഹദ് ഇക്കയ്ക്ക് വേണം ആ ക്രെഡിറ്റ് കൊടുക്കാന്‍. പൂര്‍ണ്ണമായും ഷമ്മിയായി നില്‍ക്കുന്ന ഫഹദിക്കയെ കാണുമ്പോള്‍ ഭയം ഒക്കെ താനെ വന്ന്പോകും. സിമി അങ്ങനെയായത് ഇക്ക ഓപ്പോസിറ്റ് വന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഇക്ക കാണിക്കുന്നതിന്റെ പകുതിയുടെ പകുതിയെങ്കിലും ഞാന്‍ കാണിക്കേണ്ടേ. ഇക്ക ഫുള്‍ ടൈം കഥാപാത്രമായി ഇന്‍വോള്‍വ്ഡ് ആയിരിക്കും. ഷൂട്ടിംഗിനിടെ ഒരിക്കല്‍ മാത്രം ഇക്ക് എന്നോട് ഒരു ഡയലോഗ് റിപ്പീറ്റ് ചെയ്യാന്‍ പറഞ്ഞു.
ഷോട്ട് കഴിഞ്ഞാല്‍ ഉടന്‍ അത് മോണിറ്ററില്‍ കാണിച്ച് തരും. മാറ്റം വേണ്ടത് എവിടെയാണെന്ന് പറഞ്ഞ് തരും. മധുവേട്ടനും ശ്യാമേട്ടനും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്ന് പറയും. ഇഷ്ടപ്പെട്ടാലും അത് തുറന്ന് പറയും.
കുമ്പളങ്ങി സെറ്റ്?
കുമ്പളങ്ങി സെറ്റ് ശരിക്കും ഒരു ഫാമിലി പോലെ തന്നെയായിരുന്നു. സിനിമ കണ്ട് കഴിഞ്ഞ് ഒരു കുടുംബം എന്ന ഫീല്‍ തോന്നുന്നുണ്ടെങ്കില്‍ അത് എല്ലാവരും സെറ്റില്‍ തന്നെ അങ്ങനെ നിന്നിട്ടാണ്. സജിയുടെ കുടുംബവും സിമിയുടെ കുടുംബവും എല്ലാം ഒരുമിച്ചായിരുന്നു. ഇരു കരകളിലായിരുന്നെങ്കിലും രണ്ട് വീടുകളും തമ്മില്‍ വലിയ അകലമില്ലായിരുന്നു. മിക്കവാറും രാത്രിയായിരുന്നു ‘സിമി’യുടെ വീട്ടിലെ ഷൂട്ട്. അത് കൊണ്ട് സൗബിക്കയും, ഷെയിനും ഭാസിയുമെല്ലാം എപ്പോഴും സെറ്റിലുണ്ടാകും.
ഈ സിനിമയുമായി മറക്കാത്ത അനുഭവം ഫൈനല്‍ ക്ലൈമാക്സില്‍ ബാറ്റ് കൊണ്ട് ടേബിളില്‍ അടിക്കുന്ന രംഗം തന്നെയാണ്. എങ്ങനെയാണ് ആ രംഗം ചെയ്തതെന്ന് ചെയ്തതെന്ന് അറിയില്ല. ഇക്ക ഓപ്പോസിറ്റ് നില്ക്കുകയാണ്, തലകുനിച്ച് മുഖത്ത് നോക്കാതെ ഡയലോഗ് പറയണം. ഒറ്റ ടേക്കിലല്ല, ഷോട്ട് ബൈ ഷോട്ട് ആയിട്ടാണ് അത് ചെയ്തത്. പ്രിപ്പറേഷനൊക്കെ എടുത്താണ് ചെയ്തത്. ടെന്‍ഷന്‍ ഇല്ലായിരുന്നു, കാരണം മധുവേട്ടനും ശ്യാമേട്ടനും പറഞ്ഞ് തരാന്‍ ഉണ്ടായിരുന്നല്ലോ എന്ന ധൈര്യം തന്നെ. പിന്നെ ഫഹദിക്കയാണല്ലോ ഓപ്പോസിറ്റ് എന്നാലോചിക്കുമ്പോ ഒരിത്തിരി ഭയം ഉണ്ടായിരുന്നു.
പുതിയ ചിത്രം
കുമ്പളങ്ങിയുടെ തന്നെ ക്യാമറാമാന്‍ ഷൈജു ഖാലിദും സമീര്‍ താഹിറും ഹാപ്പി അവര്‍ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ പ്രൊഡ്യൂസ് ചെയ്യുന്ന വിനായ് ഫോര്‍ട്ട് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗ്രേസ് അതില്‍ മൂന്ന് നായികമാരില്‍ ഒരാളാണ്. ഏപ്രിലില്‍ ചിത്രം തീയറ്ററുകളില്‍ എത്തും. നവാഗതനായ അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here