ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ റാലി ആരംഭിച്ചു

ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുളളപ്രതിപക്ഷ റാലി ആരംഭിച്ചു . ഏകാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്ദർ മന്ദറിൽ സംഘടിപ്പിക്കുന്ന റാലിയില്‍ ഇടതു പക്ഷ നേതാക്കളായ സീതരാം യെച്ചുരി, ഡി രാജ എന്നിവർ പ്രസംഗിച്ചു. മമത ബാനർജി, എച് ഡി കുമാര സ്വാമി, ചന്ദ്രബാബു നായിഡു എന്നിവരും പരിപാടിയിൽ പ്രസംഗിക്കും. മമത ജനുവരി 19-ന് കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയിൽ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും പങ്കെടുത്തിരുന്നു.
നിലവില്‍ കോണ്‍ഗ്രസ്സും ആംആദ്മി പാർട്ടിയും നേർക്കുനേർ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഡൽഹി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉള്ള ഏഴു സീറ്റുകളില്‍ ചില നീക്കുപോക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ആയേക്കും. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉള്ള കൂട്ടായ്മ എന്ന നിലയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാനും സാധ്യതയുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
മമത സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയില്‍ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നില്ല. മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് റാലിയില്‍ പങ്കെടുത്തത്. മമതയുടെ റാലിയില്‍ മുഖ്യ ശത്രുക്കളായ ഇടതുപക്ഷവും പങ്കെടുത്തിരുന്നില്ല. പകരം പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് സമാന്തരമായി മറ്റൊരു പ്രകടനം നടത്താന്‍ ഇടതുപക്ഷം ആലോചിക്കുന്നുണ്ട്.
Read More:ഡല്‍ഹിയില്‍ പ്രതിപക്ഷ റാലി ഇന്ന്; ആം ആദ്മിക്കൊപ്പം മമതയും ചന്ദ്രബാബു നായിഡുവും
ആന്ധ്ര-തെലങ്കാന വിഭജന സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക എന്ന ആവശ്യമുയർത്തി ഇന്നലെ നിരാഹാര സമരം നടത്തിയ നായിഡുവിന് പിന്തുണയുമായി മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ്റ് രാഹുല്‍ ഗാന്ധി മുതല്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വരെയുള്ളവര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എത്തി. അരവിന്ദ് കെജ്രിവാള്‍, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഒ’ബ്രിയാന്‍, ഡിഎംകെ നേതാവ് തിരുച്ചി ശിവ തുടങ്ങിയവരുടെ ഒക്കെ സാന്നിധ്യം ശ്രദ്ധേയമായപ്പോള്‍ അമ്പരപ്പിച്ചു കൊണ്ട് വേദിയില്‍ എത്തിയ നേതാവ് ശിവസേനയുടെ സഞ്ജയ് റൌത്താണ്.
മഹാരാഷ്ട്രയില്‍ ബിജെപി-സേന ചക്കളത്തിപ്പോരാട്ടം രൂക്ഷമായിരിക്കുന്ന സമയത്ത് തന്നെയാണ് എന്‍ഡിഎ സഖ്യകക്ഷി കൂടിയായ സേനയുടെ പ്രതിനിധി നായിഡുവിന്റെ സമരപ്പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചത്. സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ വേണമെന്ന സേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ആവശ്യം ബിജെപി നേതൃത്വത്തിന് മുമ്പാകെ നില്‍ക്കുന്ന സാഹചര്യത്തില്‍ സേനയുടെ പുതിയ നീക്കം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നാണ് സൂചനകള്‍.
ഇന്നലെ നായിഡുവിന്റെ സമരപ്പന്തല്‍ പ്രതിപക്ഷത്തിന്റെ മറ്റൊരു ശക്തിപ്രകടനത്തിനുള്ള വേദി കൂടിയും മാറി. രാഹുല്‍ ഗാന്ധി മുതലുള്ളവര്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചു. ആന്ധയിലെ ഗുണ്ടൂരില്‍ വന്ന് തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ മോദിയെ ഇന്നലെ തിരിച്ചാക്രമിച്ച നായിഡു, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘രാജധര്‍മം’ പാലിച്ചില്ല എന്ന പ്രസ്താവന എടുത്തുപയോഗിച്ചായിരുന്നു രംഗത്തു വന്നത്. ഗുജറാത്തിൽ രാജധർമം പാലിക്കാതിരുന്ന മോദി ആന്ധ്രയിലും അത് പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് നായിഡു കുറ്റപ്പെടുത്തി.
നായിഡു ഇന്ന് തങ്ങളുടെ പരാതികളുമായി രാഷ്ട്രപതിയെ കാണുന്നുണ്ട്. രാവിലെ 11.30-ന് ഡല്‍ഹിയിലെ ആന്ധ്ര ഭവനില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് റാലി നടത്തിയ ശേഷം 12.30-നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണുന്നത്.മമതയുടെ നേതൃത്വത്തിൽ കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രതിപക്ഷ റാലിയിൽ 23 പാർട്ടികളാണ് പങ്കെടുത്തിരുന്നത്. സമാനമായ പിന്തുണ ഇന്നത്തെ പരിപാടിക്കും പ്രതീക്ഷിക്കുന്നുണ്ട് എഎപി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here