Advertisement

സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്ന് സെവാഗ്; അമിതാഭ് ബച്ചന്‍ 2 കോടി നല്‍കും.

February 16, 2019
5 minutes Read

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്നറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്നറിയാമെന്നും എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ ജവാന്‍മാരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസത്തിന്റെയും ചിലവ് ഏറ്റെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും സെവാഗ് ട്വിറ്ററിലൂടെയാണ്‌
അറിയിച്ചത്.

അതേ സമയം പുല്‍വാമയില്‍ പൊലിഞ്ഞ ധീരജവാന്മാരുടെ കുടുംബത്തിനായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ 2 കോടി രൂപ നല്‍കും. ഓരോ ജവാന്‍മാരുടെയും കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് നല്‍കുക. ഇത് വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ക്കായി സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയതായും അമിതാഭ് ബച്ചന്റെ വക്താവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ഒരു മാസത്തെ ശമ്പളം പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി കൈമാറുമെന്ന് അറിയിച്ചിരുന്നു.ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കായികതാരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഭീകരവാദത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

ചാവേര്‍ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കണമെന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീര്‍ വ്യക്തമാക്കിയത്. നമുക്ക് വിഘടന വാദികളുമായി സംസാരിക്കാം, പാക്കിസ്ഥാനുമായും സംസാരിക്കാം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്ക് ചുറ്റുമിരുന്നു കൊണ്ടല്ലെന്നും അത് യുദ്ധക്കളത്തിലാണെന്നുമായിരുന്നു ട്വിറ്ററില്‍ ഗൗതം ഗംഭീറിന്റെ പ്രതികരണം.

ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, പ്രവീണ്‍ കുമാര്‍, ഉന്‍മുക്ത് ചന്ദ്, ഹര്‍ഭജന്‍ സിംഗ്, മിതാലി രാജ് എന്നിവരും സൈനികര്‍ക്ക് ആദരാഞ്ജലികള്‍ രേഖപ്പെടുത്തി.ബോക്‌സിംഗ് താരങ്ങളായ വിജേന്ദര്‍ സിങ്, മനോജ് കുമാര്‍, റെസ്‌ലിംഗ് താരം സാക്ഷി മാലിക് തുടങ്ങിയവരും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top