പാക്കിസ്താനെ ഒറ്റപ്പെടുത്താനുളള നീക്കം ഫലം കാണില്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി

പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
ജര്‍മ്മന്‍ പര്യടനത്തിനിടെ ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞത്. ഇന്ത്യയുമായി രമ്യതയില്‍ പോകണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗ്രഹിക്കുന്നത്. അധികാരമേറ്റയുടന്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചതാണ്.
അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. യുദ്ധം തകര്‍ത്ത ആ രാജ്യത്തില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മധ്യസ്ഥ്യം വഹിക്കുന്നതും പാക്കിസ്ഥാനാണ്. പുല്‍വാമ ആക്രമണത്തിലൂടെ പാക്കിസ്ഥാന് ഒന്നും നേടാനില്ലെന്ന് ഈ ലോകത്തിന് അറിയാം. തീവ്രവാദത്തിന് പാക്കിസ്ഥാന്‍റെ മണ്ണില്‍ ഇടമില്ല. ഖുറേഷി പറഞ്ഞു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കി. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളുടെയും, ഗള്‍ഫ് രാജ്യങ്ങള്‍, ജപ്പാന്‍, യുറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കൂടുതൽ രാജ്യങ്ങൾ ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിയ്ക്കുന്നതോടെ ചൈനയും നിലപാട് തിരുത്തും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here