‘മഹല്ലിലെ ‘കുഞ്ഞുങ്ങള്‍’ പറയുന്നത് കേട്ട് തുള്ളണ്ട, മറഞ്ഞിരിക്കുന്ന സത്യം പുറത്തുപറയേണ്ടിവരും’; ഡാനിഷ് റിയാസ്

ആലൂര് മഹല്‍ കമ്മിറ്റി പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡാനിഷ് റിയാസ്. മറഞ്ഞിരിക്കുന്ന പല സത്യങ്ങളും തനിക്ക് പുറത്തുപറയേണ്ടി വരുമെന്ന് ഡാനിഷ് പറഞ്ഞു. മഹല്ലില്‍ വിലക്കിയതറിയിച്ച് പ്രസിഡന്റ് അനിയനെ വിളിച്ചതിന്റെ വോയ്സ് ക്ലിപ്പ് കൈവശമുണ്ട്. ആവശ്യമെങ്കില്‍ പുറത്തുവിടുമെന്നും ഡാനിഷ് പറയുന്നു.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയും ഫെയ്സ്ബുക്കില്‍ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റുകളും കമന്റുകളും ചെയ്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡാനിഷ് പറഞ്ഞു. പൊതുജന സമക്ഷം ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഡാനിഷ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. സംഭവം വിവാദമായതിന് ശേഷം നിലപാടില്‍ നിന്നും പിന്മാറണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ല. മഹല്‍ കമ്മിറ്റിക്കെതിരെ കോടതിയില്‍ സമര്‍പ്പിക്കാന്‍ തെളിവുകളുണ്ടെന്നും ഡാനിഷ് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പൊതുജന സമക്ഷം ചോദ്യങ്ങളും ഉത്തരങ്ങളും.
* ‘വിലക്കി’ എന്നതിന് എന്താണ് തെളിവ്…?
രാത്രി പ്രസിഡന്റ് വീട്ടിലേക്ക് വിളിപ്പിച്ചു. ബഹിഷ്കരിക്കുകയാണെന്ന കമ്മറ്റി തീരുമാനം അറിയിച്ചു.
* അതിനെന്താണ് തെളിവ്…?
എന്റെ അനിയന് ഷഹാസ് കൂടാതെ മൂന്ന് സാക്ഷികള്‍.
‘ഉപ്പയുടെ അനിയന് ബക്കര്‍, ഉപ്പയുടെ മറ്റൊരു ജ്യേഷ്ടന്റെ മകന് മൊയ്തീന് കുട്ടി. ഉപ്പയുടെ അനിയന്റെ മകന് അബ്ദുല്‍ നാസര്‍’.
* അവര്‍ നിഷേധിച്ചാലോ,,,?
ശരിയാണ്. സാക്ഷികളില്‍ രണ്ട് പേരെ ഈ വിഷയത്തില്‍ ഞാന്‍ നമ്പില്ല. ഈ പരിഷ്കാരി അനിയനെതിരെ അവരൊക്കെ ഒറ്റക്കെട്ടാകും.
* അപ്പൊ എന്ത് ചെയ്യും… ഇതൊക്കെ നിങ്ങള്‍ നുണ പറഞ്ഞതാണെന്ന് പൊതു സമൂഹം തിരിച്ചറിയില്ലേ, നിങ്ങള്‍ ഒറ്റപ്പെടില്ലേ,,?
ഇല്ല. അവിടെ നടന്നതൊക്കെ അന്ന് അനിയന് റെക്കോര്‍ഡ് ചെയ്തിരുന്നു. അവര്‍ നിഷേധിച്ചാലും അവരുടെ ശബ്ദങ്ങള്‍ നുണ പറയില്ല. അവിടെ നടന്ന സംസാരങ്ങളിലെ രണ്ട് ഓഡിയോ ക്ലിപ് കയ്യിലുണ്ട്.
* എങ്ങിനെയാണ് / എന്തിനാണ് റെക്കോര്‍ഡ് ചെയ്തത്…?
മൊബൈലിലാണ് റെക്കോര്‍ഡ് ചെയ്തത്. വിലക്കിന് / വീട് ബഹിഷ്കരണത്തിന് അവര്‍ പറയുന്ന കാരണങ്ങള്‍ കേള്‍ക്കാന്‍, തിരിച്ചു വന്ന ഉടനെ അനിയന് എനിക്കത് അയച്ചു തന്നു. അത് കേട്ട് പാലാരിവട്ടത്തിരുന്ന് ഞാന്‍ കുറെ ചിരിച്ചു. അവന് പക്ഷെ സീരിയസ് ആയിരുന്നു.
* പിന്നെ എന്താണ് ഉണ്ടായത്…?
മഹല്ല് കമ്മറ്റിയുടെ ”വിലക്കിയ തീരുമാനം” ഇന്നലെ പ്രസിഡണ്ട് അറിയിച്ചു, അതുകൊണ്ട് മാപ്പാക്കണം എന്നും പറഞ്ഞു ഖത്തീബിനെയും കണ്ട് മാപ്പ് പറഞ്ഞു സെക്രട്ടറിക്ക് ലെറ്റര്‍ കൊടുക്കുക.
* എന്നിട്ട് കൊടുത്തോ, ലെറ്ററിന്റെ കോപ്പി കയ്യിലുണ്ടോ…?
ഞാന്‍ പറഞ്ഞ രീതിയില്‍ അവന് സ്വന്തം കൈപ്പടയില്‍ എഴുതി. ഒപ്പിട്ട് കൊടുത്തു, അവര്‍ കൈപറ്റി. എന്നിട്ടും പക്ഷെ 45 ദിവസം അവര്‍ അവഗണിച്ചു. വ്യക്തമായ കോപ്പി കയ്യിലുണ്ട്.
* എന്തിനാണ് ഈ വിഷയം പബ്ലിക്ക് ആക്കിയത്..?
അനിയന് ലീവ് തീര്‍ന്ന് പോകാറായി. ഒരു തീരുമാനവും ആയിട്ടില്ല. വീട്ടുകാരുടെ വിഷമം. വിവാഹ ഒരുക്കങ്ങള്‍ എല്ലാം നടത്തിയ ഞാന്‍ കാരണം അവര്‍ വെറുതെ അനുഭവിക്കാന്‍ പാടില്ലല്ലോ എന്ന എന്റെ തീരുമാനം.
* ഖത്തീബ് എന്താണ് പറഞ്ഞത്, തെളിവുണ്ടോ…?
റിസപ്ഷന് കഴിഞ്ഞ ശേഷമുള്ള വെള്ളിയാഴ്ച മൈക്കിലൂടെ ഖത്തീബ് പറഞ്ഞത് :
”എടപ്പാള്‍ നടുവട്ടത്ത് നടന്ന ഇത്തരം ആഭാസ കല്യാണങ്ങള്‍ നമ്മള് നിരോധിച്ചതാണ്. ഈ മഹല്ലിലുള്ളവരെ നോക്ക് കുത്തികളാക്കി കൊണ്ട്, ഇസ്ലാമിന്റെ ശരീത്തിനെ താറടിച്ചു കൊണ്ട് ഇസ്ലാം അംഗീകരിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ആഘോഷമാക്കിയാല്‍ ഇതിന്റെ പേരില്‍ വരുന്ന ഭവിഷ്യത്തുകളൊക്കെ ആ കുടുംബം അനുഭവിക്കണം. ആ കുടുംബത്തിനെതിരെ നടപടി ഉണ്ടാകണം. മഹല്ലില്‍ നിന്നും ദൂരെ കൊണ്ടുപോയി വെച്ച് എന്ന് കരുതി ഹറാമ് ഹലാലാകില്ല. പിന്നെ ക്രിസ്മസിന് നക്ഷത്രങ്ങള്‍ തൂക്കുന്നതിനെതിരെ,,,,, അങ്ങിനെ അങ്ങിനെ,,,,, (ഇതിന്റെ 11 മിനിറ്റ് ഓഡിയോയും കയ്യിലുണ്ട്.)
ഇതിന് ശേഷമാണ് പ്രസിഡണ്ട് വിളിപ്പിക്കുന്നത്.
* സത്യത്തില്‍, കല്ല്യാണത്തിന് എന്തെങ്കിലും ആഭാസങ്ങള്‍ നടന്നിരുന്നോ,,?
ആകെ വന്നത് 3100 പേരാണ്. അതില്‍ നിന്നും ആയിരം പേരെ ഞാന്‍ കൊണ്ട് വരും. ഒരു തരത്തിലുള്ള ആഭാസവും നടന്നിട്ടില്ലെന്ന് സാക്ഷി പറയാന്‍.
* ഈ മഹല്ലില്‍ ഇത്തരം വിചിത്ര രീതികള്‍ ഉണ്ടോ, എന്തെങ്കിലും മുന്‍ അനുഭവങ്ങള്‍,,,,?
ഇവിടെ മാത്രം ഉണ്ടെന്ന് തൊട്ടപ്പുറത്തെ മഹല്ലുകളിലെ നൂറു കണക്കിന് ആളുകള്‍ പറയും. മാത്രമല്ല ‘സോഷ്യല്‍ മീഡിയയിലെ ഇസ്ലാമിക വിമര്‍ശനം’ എന്നതിന് പകരമായി എന്നെ കൊണ്ട് മാപ്പ് പറഞ്ഞു പണ്ട് പോസ്റ്റ് ഇടീക്കുകയും, എങ്കിലേ മഹല്ലിലെ വിവാഹ സമ്മത സര്‍ട്ടിഫിക്കറ്റ് തരുകയുള്ളൂ എന്ന് പറയുകയും മാത്രമല്ല എന്റെ വിവാഹത്തിന് എന്നോട് ചെയ്തതിനും എന്റെ ഭാര്യ അടക്കം നിരവധി സാക്ഷികള്‍ ഉണ്ട്. അന്ന് ഇതുപോലെ ”കുടുംബത്തെ വിലക്കി” എന്ന് പറയാത്തത് കൊണ്ട് ഞാന്‍ ഒരു കേസിനും പോയില്ല. നഷ്ട്ടം എനിക്ക് മാത്രം. ഉമ്മയുടെ വാക്ക് കേട്ട് സഹിച്ചു.
* ഈ വിഷയത്തില്‍ അനിയനെതിരെ എന്തെങ്കിലും കാര്യമായ പ്രെഷര്‍ ഉണ്ടായിരുന്നോ,,?
പിന്നെ ഇല്ലാതിരിക്കുമോ… അവനും ഉമ്മയും അവിടയല്ലേ ജീവിക്കുന്നത്. മാത്രമല്ല അവര്‍ നല്ലൊരു വിശ്വാസിയുമാണ്. അവര്‍ക്ക് മഹല്ലിനെയും അവരെയും ആവശ്യവുമുണ്ട്. എന്ന് വെച്ച് സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ഈ പരിഷ്കാരിയെ ഉമ്മ പുറത്താക്കിയിട്ടില്ല.
* നിങ്ങള്‍ക്ക് ആ മഹല്ലില്‍ ജീവിക്കണ്ടേ,,,?
അയ്യോ,,, വേണ്ട. എനിക്ക് മനുഷ്യര്‍ക്കിടയില്‍ ജീവിച്ചാല്‍ മതി.
* ഒരു കാര്യം കൂടി, പിന്നെ എന്തിനാണ് അവര്‍ ഇതൊക്കെ നിഷേധിച്ചതും പത്രക്കുറിപ്പ് ഇറക്കിയതും നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നതും…?
ഈ ബഹുസ്വര സമൂഹത്തില്‍ ഇതൊക്കെ ‘ചെയ്തു’ എന്ന് സമ്മതിച്ചാല്‍ ആ നിമിഷം അകത്ത് പോകും. സമൂഹത്തില്‍ ഒറ്റപ്പെടും. സൗദി അറേബ്യയല്ല നാട്, ശരീ അത്തല്ല കോടതി. ഇത്, കലകളെ സ്നേഹിക്കുന്ന കലാവാസനയുള്ള അനേക മുസ്ലിങ്ങളും മറ്റ് നാനാ ജാതി മതസ്ഥരും ജീവിക്കുന്ന എന്റെ ഇന്ത്യയാണ്. വിഷയം ലോകം മുഴുവന്‍ അറിഞ്ഞു ആകെ നാറിയത് കൊണ്ട് കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നു.
…………………………………………………………
അവസാനമായി ഞാന്‍ പറയുവാണ്. ഇപ്പോഴും ഇവര്‍ക്കൊക്കെ വേണ്ടി എല്ലാം അവസാനിപ്പിക്കണമെന്നും പറഞ്ഞു എന്റെ ഉമ്മ എന്നെ വിളിച്ചു കൊണ്ടിരിക്കുവാണ്, ഈ നിമിഷം വരെ. അതുകൊണ്ട് തോല്‍വി സമ്മതിച്ചില്ലെങ്കിലും നിര്‍ത്തിക്കോ,, ഇവടെ നിര്‍ത്തിക്കോ,,, അടപടലം പൂട്ടാനുള്ളതും ഇവിടത്തെ കോടതിയില്‍ പ്രസന്റ്റ് ചെയ്യാനുള്ളതും കയ്യിലുണ്ട്. കാര്യമറിയാത്ത മഹല്ലിലെ ‘കുഞ്ഞുങ്ങള്‍’ പറയുന്നത് കേട്ട് തുള്ളണ്ട. മറഞ്ഞിരിക്കുന്ന സത്യം എന്നെ കൊണ്ട് പുറത്തു ഇടീപ്പിക്കണ്ട. അപേക്ഷയാണ്.
* എനിക്കെതിരെയുള്ള വ്യക്തി ഹത്യകള്‍, പോസ്റ്റുകള്‍, കമന്റുകള്‍. അതിനുള്ള ചായേം വടേം നിയമ രൂപത്തില്‍ റെഡി ആക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here