ഇ.ടി.മുഹമ്മദ് ബഷീറിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ തള്ളി നേതൃത്വം

പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ പൂര്‍ണമായും തള്ളി സംസ്ഥാന നേതൃത്വം. പ്രമേയം മുന്നണി മര്യാദക്ക് യോജിച്ചതല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ചില ഘടകക്ഷികള്‍ ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപണമുണ്ട്. ഇ.ടിക്ക് പകരം സമദാനിയെ മത്സര രംഗത്തിറക്കണമെന്ന് മുസ്ലിം ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയം. പി.കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള ശക്തരായ നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
പൊന്നാനി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി കെ ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ തെറ്റാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.ഘടക കക്ഷികളുടെ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പറയാന്‍ യൂത്ത് കോണ്‍ഗ്രസിന് അവകാശമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പ്രമേയം പാസാക്കിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയോട് വിശദീകരണം തേടിയതായും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. പൊന്നാനി കൈവിട്ട് പോകുമോയെന്ന ആശങ്കയിലാണ് പ്രമേയം പാസാക്കിയതെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റി. മുസ്ലിം ലീഗ് അണികള്‍ക്കുള്ളില്‍ വലിയ അമര്‍ഷത്തിനും പ്രമേയം വഴി തുറന്നിട്ടുണ്ട്. ജില്ലയില്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഡിസിസിയും മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here