പുല്‍വാമയില്‍ രണ്ട് ഭീകരരെ ദൗത്യസേന വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികർക്ക് ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പുല്‍വാമ ചാവേറാക്രമണത്തിന് ബോംബുകള്‍ നിർമ്മിച്ച കംറാന്‍ ഖാസിയാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം നാല്പതോളം ജവാന്‍മ്മാർക്ക് ജീവന്‍ നഷ്ടപ്പെട്ട ചാവേറാക്രമണം നടന്ന ജമ്മു കശ്മീരിലെ പുല്‍വാമ മേഖലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചാവേറാക്രമണം നടന്ന പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരെയാണ് ഏറ്റമുട്ടല്‍ നടന്നത്. ഇന്നലെ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു മേജർ ഉള്‍പ്പടെ നാല് ജവാന്‍മ്മാർക്ക് ജീവന്‍ നഷ്ടപ്പെട്ടു.
55 രാഷ്ട്രീയ റൈഫില്‍സിലുള്ള ജവാന്‍മ്മാർക്കാണ് വെടിയേറ്റത്. ഭീകരരുടെ വെടിയേറ്റ് ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് സൈന്യം നടത്തിയ തിരച്ചിലിലാണ് മൂന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. തുടർന്ന് നടന്ന ആക്രമണത്തില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. വെടിവെപ്പ് നടന്ന പ്രദേശത്ത് നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാള്‍ ജെയ്ഷെ മുഹമ്മദ് കമാന്‍ഡർ കംറാന്‍ ഖാസിയാണെന്നും ഐ ഇ ഡി ബോംബ് നിർമ്മാണ വിദഗ്ദനാണെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.
കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്ന് സംശയമുള്ളതായും പോലീസ് പറഞ്ഞു. അതേസമയം കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിർത്തല്‍ കരാർ ലംഘിച്ചു. അതിർത്തിയില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here