തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കി സുപ്രീംകോടതി

തമിഴ്നാട്ടിലെ തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് കമ്പനി തുറന്ന് പ്രവർത്തിക്കാന്‍ അനുമതി നല്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കമ്പനി അടച്ച് പൂട്ടണമെന്ന തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെതിരെ വേദന്തക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ പതിനഞ്ചിനാണ് വേദാന്തയ്ക്ക് തുറന്ന് പ്രവർത്തിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. ട്രൈബ്യൂണലിന്റെ അധികാരപരിധി മറികടന്നാണ് പ്ലാൻറിന് പ്രവർത്താനാനുമതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. സ്റ്റെര്‍ലൈറ്റ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന തമിഴ്നാട് സർക്കാറിന്റെ ഉത്തരവിനെതിരെ വേദാന്ത കമ്പനിക്ക് മദ്രാസ് ഹൈകോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു.
സ്റ്റെര്‍ലൈറ്റ് പ്ലാൻറ് പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ കടുത്ത പ്രക്ഷോഭപരിപാടികളുമായി രംഗത്തെത്തിയിരുന്നു. പ്രക്ഷോഭം നടത്തിയവർക്കെതിരെ നടന്ന വെടിെവപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്ലാൻറിന്റെ പ്രവർത്താനാനുമതി തമിഴ്നാട് സർക്കാർ റദ്ദാക്കിയിരുന്നു.
Read More: പ്ലാന്റ് വീണ്ടും തുറക്കനുള്ള നടപടികളുമായി വേദാന്ത കമ്പനി
ഒപ്പം രണ്ടാം ഘട്ട വികസനത്തിന് ഭൂമി അനുവദിച്ചതും റദ്ദാക്കി. ഇതിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച കമ്പനി അനുകൂല ഉത്തരവ് നേടുകയായിരുന്നു. തുറന്നു പ്രവർത്തിക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനുമാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ചെമ്പ് ഖനനം തുടരാനുള്ള അനുമതിയും ട്രൈബ്യൂണല്‍ നല്‍കിയിരുന്നു.
ഹരിത ട്രൈബ്യൂണലിന്റെ ഈ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് കമ്പനി തുറന്നു പ്രവർത്തിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here