ചിന്നസ്വാമി സ്റ്റേഡിയത്തിലും പാക് താരങ്ങള്‍ ‘ഔട്ട്’

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്തു. പാക്കിസ്ഥാന് പ്രധാനമന്ത്രിയും മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന് ഖാന് അടക്കമുള്ള ചിത്രങ്ങളാണ് സ്റ്റേഡിയത്തില്‍ നിന്നും നീക്കം ചെയ്തത്. സൈന്യത്തിന് ആദരവും പിന്തുണയും അറിയിച്ചാണ് നടപടിയെന്ന് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. ഇമ്രാന്ഖാന് പുറമേ ബൗളര്‍ ഷൊയബ് അക്തര്‍, ബാറ്റ്സ്മാന്മാരായ ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങിയവരുടെ ചിത്രങ്ങളും ചിന്നസ്വാമിയില്‍ നിന്നും നീക്കം ചെയ്തവയില് പെടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് ധര്‍മശാല സ്റ്റേഡിയത്തില്‍ നിന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മശാല സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ 13 ചിത്രങ്ങളാണ് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് നീക്കം ചെയ്തത്.
ഇവയിലേറെയും ഇമ്രാന് ഖാന്റെ ചിത്രങ്ങളാണ്. പാകിസ്ഥാന് താരങ്ങളുടെ ഫോട്ടോകള്‍ എടുത്തു മാറ്റുന്ന നടപടിയെ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അപലപിച്ചിരുന്നു. അതേ സമയം ഈ വര്‍ഷം നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന് മത്സരം നടക്കില്ലെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെ കഴിഞ്ഞ ദിവസം വിശദീകരണവുമായി ഐസിസി രംഗത്തെത്തിയിരുന്നു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിക്കറ്റ് മത്സരത്തെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവിലെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നുമാണ് ഐസിസി മേധാവി ഡേവ് റിച്ചാര്ഡ്സണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ മത്സരക്രമങ്ങളില് മാറ്റം വരുത്താനാകാന്‍ സാധിക്കില്ലെന്നും ഐ.സി.സി. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിച്ചാര്ഡ്സണ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here