Advertisement

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് – ഡി.എം.കെ സഖ്യധാരണ

February 21, 2019
1 minute Read

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് – ഡി.എം.കെ സഖ്യമായി ഇലക്ഷനെ നേരിടാന്‍ ധാരണ. ഡി.എം.കെ നേതാവ് കനിമൊഴി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡൽഹിയിൽ വെച്ചുനടത്തിയ ചര്‍ച്ചക്കൊടുവില്‍ സീറ്റ് വിഭജനകാര്യത്തില്‍ ധാരണയായിരുന്നു. അതിന് പിന്നാലെ ഇന്നലെ ചെന്നൈയില്‍ ഇരുപാര്‍ട്ടി നേതാക്കളും പങ്കെടുത്ത യോഗത്തിനു ശേഷം ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ. സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി.എം.കെയും കോണ്‍ഗ്രസും ധാരണയിലെത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെയും പുതച്ചേരിയിലെയും മുഴുവന്‍ സീറ്റുകളിലും ഒന്നിച്ച് മത്സരിക്കാനാണ് ധാരണ. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളില്‍ ഒമ്പതെണ്ണത്തിലും പുതുച്ചേരി ലോക്‌സഭ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് എം.കെ. സ്റ്റാലിന്‍ അറിയിച്ചു.  ഡി.എം.കെ 20 മുതല്‍ 25 വരെ സീറ്റുകളിലും മത്സരിച്ചേക്കും. ബാക്കി സീറ്റുകളെ സംബന്ധിച്ച് മറ്റ് കക്ഷികളുമായി ആലോചിച്ചശേഷം അന്തിമതീരുമാനമെടുക്കും.

ബാക്കി സീറ്റുകള്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കാനും സാധ്യതയുണ്ട്. അതേസമയം കോണ്‍ഗ്രസ് പത്ത് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് ഡി.എം.കെ പത്ത് സീറ്റ് നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ 20 ശതമാനം വരെ വോട്ട്ബാങ്കുണ്ടായിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് ദശകങ്ങളായി സംസ്ഥാനത്ത് സ്വാധീനം ഗണ്യമായി കുറഞ്ഞ സാഹചര്യമാണുള്ളത്. അനിഷേധ്യ നേതാവായിരുന്നു ജി.കെ മൂപ്പനാര്‍ കോണ്‍ഗ്രസ് വിട്ട് തമിഴ് മാനില കോണ്‍ഗ്രസ് രൂപീകരിച്ചതോടെ പാര്‍ട്ടിയുടെ പതനം പൂര്‍ണമായി. നിലവിലെ സാഹചര്യത്തില്‍ ഡി.എം.കെയുമായുള്ള സഖ്യം നിലനിര്‍ത്തുന്നതിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന സര്‍വ്വേഫലങ്ങള്‍ ഡി.എം.കെ നേട്ടമുണ്ടാക്കുമെന്ന് പ്രവച്ചിരുന്നു. ഭരണകക്ഷിയായ അണ്ണാഡിഎംകെയും ബിജെപിയും ഇന്നലെയാണ് തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചത്. പുതിയ സഖ്യപ്രഖ്യാപനം കൂടി ഉണ്ടായതോടെ തമിഴ്നാട്ടില്‍ യുപിഎ-എന്‍ഡിഎ മുന്നണികളുടെ നേരിട്ടുള്ള മത്സരത്തിനാവും കളമൊരുങ്ങുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top