കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് അമിത് ഷാ

ശബരിമല വിഷയത്തില്‍ മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്നും മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച കോടതി വിധി പിണറായി സര്‍ക്കാര്‍ നടപ്പാക്കിയോ എന്നും അമിത് ഷാ ചോദിച്ചു. പാലക്കാട് ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തവണ ബിജെപി ക്ക് അവസരം തന്നാല്‍ കേരളത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കുമെന്നും കേരളത്തില്‍ നിന്ന് ഇത്തവണ ബിജെപിക്ക് എം.പി.മാരുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. യു ഡി എഫും എല്‍ ഡി എഫും ഭായ് ഭായ് കൂട്ടുകെട്ടാണ്. പത്ത് വര്‍ഷം യു പി എ കേന്ദ്രം ഭരിച്ചിട്ട് കേരളം എന്താണ് നേടിയത്.
ഒരു എം പി പോലുമില്ലാഞ്ഞിട്ടും യു പി എ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ സഹായം എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ കേരളത്തിലെ വിശ്വാസികളെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വഞ്ചിച്ചു. കേരള ജനത അത് മറക്കില്ല. മുപ്പതിനായിരത്തോളം വിശ്വാസികളെയാണ് കള്ളക്കേസില്‍ കുടുക്കിയത്.ശബരിമലയില്‍ പോലീസ് വേഷത്തില്‍ ഡിവൈഎഫ്‌ഐ ഗുണ്ടകളെ നിയോഗിച്ചു. ബംഗാളിന്റെയും ത്രിപുരയുടേയും ഗതിയിലേക്ക് കേരളത്തെയും എത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്എസും ബി ജെ പിയും പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ നൂറ് കണക്കിന് പേരെയാണ് സി പി എം കൊലപ്പെടുത്തിയത്. ഇത്തവണത്തേത് സുപ്രധാനമായ തിരഞ്ഞെടുപ്പാണ്.മോദി വീണ്ടും ഭരണത്തിലേറുമെന്ന് ഉറപ്പാണ്. ബിജെപിക്കെതിരെ അണിനിരക്കുന്ന മഹാസഖ്യം രാജ്യത്തിന്റെ ഭാവിയ്ക്ക് നല്ലതല്ല. മഹാസഖ്യത്തിന് മുന്നോട്ടു വെക്കാന്‍ ഒരു നേതാവ് പോലുമില്ല.അധികാരത്തിന് വേണ്ടിയുള്ള അഴിമതിക്കാരുടെ കൂട്ടുകെട്ടാണതെന്നും അമിത് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here