തിരുവനന്തപുരം വിമാനത്താവളം; അദാനിക്ക് മോദിയുമായി പരിചയമുണ്ടെന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള ബിഡ്ഡില്‍ വിചിത്രമായ നിലയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും മോദിയുമായി പരിചയം ഉണ്ടെന്നതാണ് കാരണമെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു. അഞ്ച് വിമാനത്താവളങ്ങളുടെ വികസന നടത്തിപ്പ് കരാറാണ് അദാനിക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ഒരാള്‍ക്ക് തന്നെ കിട്ടുമ്പോള്‍ സംശയം ഉണ്ടാകും.വിമാനത്താവള നടത്തിപ്പിനായി നടന്ന ബിഡിങ് കേന്ദ്രം മറയാക്കിയോ എന്ന് ഇനിയുള്ള കാലത്തു വ്യക്തമാകേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
അദാനി വിമാനത്താവള നടത്തിപ്പിനായി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് അദാനി പോലും പറയില്ല. സര്‍ക്കാരിനെ ശത്രു പക്ഷത്തു നിര്‍ത്തി ലാഭം ഉണ്ടാക്കമെന്ന് കരുതേണ്ട. അത് വിമാനത്താവള നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്ന നിലവരും.വിമാനത്താവള വികസനത്തിന് സ്ഥലമേറ്റടുത്ത് നല്‍കേണ്ടത് സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ നഗരപാതാ വികസന പദ്ധതിയുടെ ഉത്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുള്ള ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിഡ്ഡില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാമതും, ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാമതുമെത്തി. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയാണുണ്ടാകുക.
സിയാലിന്റെ പേരില്‍ ബിഡില്‍ പങ്കെടുക്കാനായിരുന്നു സംസ്ഥാനത്തിന്റെ ആദ്യ നീക്കം. പിന്നീടു തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. ഒടുവില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം, കൂടുതല്‍ തുക നിര്‍ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കില്‍പോലും തുക വര്‍ധിപ്പിക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ ബിഡില്‍ അതുണ്ടായില്ല. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാകും. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമതായി. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here