സ്വകാര്യവത്ക്കരിക്കാന്‍ ലേലത്തില്‍ വച്ച വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് ലഭിച്ചത് അഴിമതി; കോടിയേരി

സ്വകാര്യവത്ക്കരിക്കാന്‍ ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്താവന. അദാനിക്ക് അഞ്ച് വിമാനത്താവളവും ലഭിച്ചത് ദുരൂഹമാണ്. വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം തീരെ ഇല്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങളെല്ലാം ഏല്‍പ്പിച്ചുകൊടുക്കാന്‍ ഉയര്‍ന്ന തലത്തില്‍ നീക്കം നടന്നതായി സംശയിക്കണം. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനിക്ക് മുന്‍പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കിയതു തന്നെ അദാനിയെ സഹായിക്കാനാണെന്ന് വ്യക്തമാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ അഹമദാബാദ്, ലഖ്‌നോ, ജയ്‌പൂര്‍, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് ലേലത്തില്‍ വെച്ചത്. കേരളം സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എമ്മും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ കാലത്തും പിന്നിടുമായി 635 ഏക്ര ഭൂമി തിരുവനന്തപുരത്തിന് വേണ്ടി കേരളം സൗജന്യമായി നല്‍കിയിട്ടുണ്ട്. മാത്രമല്ല, വിമാനത്താവള വികസനത്തിന് 250 കോടി രൂപ ചെലവില്‍ 18 ഏക്ര ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്വകാര്യവല്‍ക്കരിക്കരുതെന്ന് കേരളം അവശ്യപ്പെട്ടത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ നേരത്തെ നീക്കമുണ്ടായപ്പോള്‍ കേരളം ഇടപ്പെട്ടിരുന്നു. സ്വകാര്യവല്‍ക്കരിക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കുമെന്ന് 2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് രേഖാമൂലം ഉറപ്പു നല്‍കുകയുണ്ടായി.
വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അന്ന് കേന്ദ്രം ഇങ്ങനെ ഉറപ്പു നല്‍കിയത്. എന്നാല്‍ അതെല്ലാം നരേന്ദ്രമോദി സര്‍ക്കാര്‍ ലംഘിച്ചു. സ്വകാര്യവല്‍ക്കരണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ച് ലേലത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചി, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും കേരള സര്‍ക്കാരിനുള്ള പരിചയം കണക്കിലെടുത്ത് ലേലത്തില്‍ ‘റൈറ്റ് ടു റഫ്യൂസല്‍’ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണെങ്കില്‍ ബിഡില്‍ ഓഫര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക് തുല്യമായ തുക കേരളത്തിന്റെ കമ്പനി നല്‍കുകയാണെങ്കില്‍ വിമാനത്താവളം ഈ കമ്പനിക്ക് നടത്താന്‍ പറ്റും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതനുവദിച്ചില്ല. പകരം 10 ശതമാനം തുക വ്യത്യാസം മാത്രമാണ് അനുവദിച്ചത്.
Read More: എന്‍എസ്എസുമായി അഭിപ്രായവ്യത്യാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
കേരള സര്‍ക്കാരിന്റെ കമ്പനി ഒരു യാത്രക്കാരനു വേണ്ടി ചെലവഴിക്കാന്‍ 135 രൂപ ഓഫര്‍ ചെയ്‌തപ്പോള്‍ 168 രൂപയാണ് അദാനി ഗ്രൂപ്പ് ഓഫര്‍ ചെയ്‌തത്. ‘റൈറ്റ് ടു റഫ്യൂസല്‍’ അനുവദിച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ കമ്പനിക്ക് വിമാനത്താവളം നടത്താന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ എല്ലാ വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ ബിഡ് തുറക്കും മുമ്പ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത് സംശയം വര്‍ധിപ്പിക്കുന്നതാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്.
രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. യാത്രക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഈ വിമാനത്താവളം സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നത് രാജ്യതാല്‍പര്യത്തിനു തന്നെ വിരുദ്ധമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here