Advertisement

സൈന്യത്തിന് സല്യൂട്ടുമായി സെവാഗും ഗംഭീറും

February 26, 2019
10 minutes Read

പാക്കിസ്ഥാനിലേക്കു കടന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. ‘ആണ്‍കുട്ടികള്‍ നന്നായി കളിച്ചു’ എന്നാണ് സെവാഗ് ട്വിറ്ററില്‍ പ്രതികരിച്ചത്.

‘ജയ് ഹിന്ദ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്’ എന്നായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സല്യൂട്ട് എന്നറിയിച്ച് മുന്‍താരം മുഹമ്മദ് കൈഫും രംഗത്തെത്തി. ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമേ ബാഡ്മിന്റണ്‍ താരങ്ങളായ കിഡംബി ശ്രീകാന്ത്, സൈന നെഹ്‌വാള്‍ എന്നിവരും സൈന്യത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ പുല്‍വാമയില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇരുവരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇനി പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ യുദ്ധക്കളത്തിലാകാമെന്നാണ് ഗംഭീര്‍ അന്ന് പ്രതികരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാമെന്നറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും നേരത്തെ രംഗത്തെത്തിയിരുന്നു. എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്നറിയാമെന്നും എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എല്ലാ ജവാന്‍മാരുടെയും മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസത്തിന്റെയും ചിലവ് ഏറ്റെടുക്കാന്‍ തനിക്ക് സാധിക്കുമെന്നും സെവാഗ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ സ്‌ഫോടകവസ്തുക്കളാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചത്. 21 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ 300 ഓളം ഭീകരരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യ നല്‍കിയ തിരിച്ചടിക്കുള്ള മറുപടി നല്‍കാനായി പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമ വിന്യാസം കണ്ട് പാക് വിമാനങ്ങള്‍ തിരിച്ചുപറന്നു. പാക് എഫ്16 വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികെ എത്തിയത്. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാനുള്ള വിഫല ശ്രമത്തിന് പിന്നാലെ വിമാനങ്ങള്‍ തിരിച്ചുപോയി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top