കെ.ആര്‍ മീരയ്‌ക്കെതിരായ സൈബര്‍ ആക്രമണം; കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം. ഡിജിപിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സൈബര്‍ ആക്രമണത്തിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. എഴുത്തുകാരി കെ ആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. ഇതിനു പിന്നാലെ മീരയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വ്യാപകമായി ആക്രമണം നടന്നിരുന്നു. അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തി ക്കൊണ്ടുള്ളതുമായിരുന്നു ഫെയ്‌സ്ബുക്കിലെ കമന്റുകള്‍. ഇതിനെതിരെ കെ ആര്‍ മീര പരാതി നല്‍കിയിരുന്നു.
Read Also: ബല്‍റാമിനെതിരെ ടി സിദ്ദിഖ്; എഴുത്തുകാരിയെ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല
പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കെ.ആര്‍.മീര വല്ലതും മൊഴിഞ്ഞോ എന്ന് വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എ യെ പരോക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കെആര്‍ മീര കുറിപ്പെഴുതിയിരുന്നു. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളതെന്നും ഒന്ന് മിണ്ടാതിരുന്ന് നല്ല കുട്ടിയാവുക എന്നും അല്ലെങ്കില്‍ അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക എന്നുമാണ് കെആര്‍ മീര പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നത്.
ഇതിനു പിന്നാലെ കെ.ആര്‍.മീരയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തിയിരുന്നു. പോ മോളെ മീരേ എന്ന് പറയാനാഗ്രഹിക്കുന്നവര്‍ പേര് ഭേഗതിപ്പെടുത്തരുതെന്നും ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് മറുപടിയായി വി ടി ബല്‍റാം പറഞ്ഞത്. ഇതിനു പിന്നാലെ വിടി ബല്‍റാം എംഎല്‍എ യുടേത് അശ്ലീലച്ചുവയുള്ള പരാമര്‍ശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ വിടി ബല്‍റാമിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖും സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ നേതാക്കള്‍ വളരെ ശ്രദ്ധിക്കണമെന്നറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here