‘അവരുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ 300 അല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കണം’; പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

മുന്നൂറല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കിയാല്‍ മാത്രമേ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂവെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. തങ്ങളുടെ കുടുംബം അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചു. അദ്ദേഹം ഉള്‍പ്പെടെയുള്ള ജവാന്മാരുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കില്‍ ഭീകരതയെ തുടച്ചുനീക്കണമെന്നും ഗാന്ധിമതി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുകയും ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അച്ഛന്റെ യൂണിഫോം അണിഞ്ഞ് രണ്ടുവയസുകാരനായ മകന്‍ ശിവചന്ദ്രന് യാത്രാമൊഴി നല്‍കിയത് വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ യൂണിഫോം അണിഞ്ഞ മകന്‍ ശിവമുനിയനെ ചേര്‍ത്ത്പിടിച്ച ഗാന്ധിമതിയുടെ ദുഖം ഒരു നാടിന്റെ ദുഖമായി മാറിയിരുന്നു. സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണ് ശിവചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു അപകടത്തില്‍ ശിവചന്ദ്രന്റെ സഹോദരന്‍ മരിച്ചിരുന്നു. അതിന്റെ വേദനയില്‍ നിന്നും മോചിതരാകുന്നതിന് മുമ്പാണ് കുടുംബത്തെ തളര്‍ത്തി ശിവചന്ദ്രന്റേയും മരണം.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു.
രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പിന്നീട് ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here