Advertisement

‘അതൊരു ഭൂകമ്പമാണെന്നാണ് കരുതിയത്’; ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

February 27, 2019
6 minutes Read

പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിബിസി ഉറുദു ചാനലാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏകദേശം മൂന്ന് മണിക്ക് ശേഷമാണ് സ്‌ഫോടനം നടന്നതെന്നും അതൊരു ഭൂകമ്പമാണെന്നാണ് താന്‍ കരുതിയതെന്നും പ്രദേശവാസി പറയുന്നു.

പൊട്ടിത്തെറിയുടെ വലിയ ശബ്ദത്തിന് പിന്നാലെ ജെറ്റ് വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടുവെന്നും അയാള്‍ പറഞ്ഞു. ബോംബുകള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. നാലഞ്ച് വീടുകള്‍ തകര്‍ന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ പാക്കിസ്ഥാനിലാണ് ബലാകോട്ട് ഗ്രാമം. 2005 ല്‍ കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ ഗ്രാമം മുഴുവന്‍ നശിച്ചിരുന്നു. സൗദി അറേബ്യയുടെ സഹായത്തോടെയാണ് പിന്നീട് പുനര്‍നിര്‍മ്മിച്ചത്. ബലാകോട്ടില്‍ ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ എത്തിയിരുന്നതായി പാകിസ്ഥാന്‍ സൈന്യവും അംഗീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചു.

Read more: തീവ്രവാദത്തിനെതിരെ അടിയന്തര നടപടിയെടുക്കണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും

രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top