Advertisement

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; തൃശൂര്‍ മാളയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

March 1, 2019
0 minutes Read

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. തൃശ്ശൂര്‍ മാളയിലാണ് കടബാധ്യതയെത്തുടര്‍ന്ന് ഇന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ ആണ് മരിച്ചത്.  ജിജോയെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങളുടെ കടബാധ്യത ഇയാള്‍ക്കുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മാള പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏഴു കര്‍ഷകരാണ് ഇടുക്കി ജില്ലയില്‍ മാത്രം ജീവനൊടുക്കിയത്. ഇടുക്കി മുരിക്കാശ്ശേരിയില്‍ ജെയിംസ് ജോസഫാണ് ഇടുക്കിയില്‍ ഏറ്റവുമൊടുവില്‍ ജീവനൊടുക്കിയ കര്‍ഷകന്‍. മകളുടെ നഴ്‌സിങ് പഠനത്തിന് എടുത്ത ലോണ്‍ കൃഷി നാശത്തെ തുടര്‍ന്ന് തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ജെയിംസിന് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പെണ്‍മക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതും ഈ മാസമാണ്.

വിഷം കഴിച്ച് ആത്മഹത്യക്ക് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് സുരേന്ദ്രന്‍ വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ. അതിനിടെ ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകളെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. മൊറട്ടോറിയം പ്രഖ്യാപനത്തിനിടെയും ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ യോഗം വിളിക്കുമെന്നും കൃഷി,ധനകാര്യ മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top