കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും കണ്ടുകെട്ടി

കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതര്‍ കണ്ടുകെട്ടി. കശ്മീരില്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിന് പിന്നാലെ മജിസ്‌ട്രേറ്റാണ് സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങളും ഓഫീസുകളും സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്. അറസ്റ്റിലായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകള്‍ പൂട്ടി സീല്‍വെച്ചു.
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയതിനെത്തുടര്‍ന്ന് 200 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ വിഘടനവാദി നേതാക്കളുടേയും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടേയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിഘടനവാദികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കശ്മീരില്‍ ജമാഅത്തെ നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് വീടുകളും സ്ഥാപനങ്ങളും കണ്ടുകെട്ടാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
അതേസമയം, ജമാഅത്തെ ഇസ്ലാമിയുടെ ജമ്മു കശ്മീര്‍ ഘടകത്തെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടുണ്ട്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ പ്രതിഷേധം നടത്തി. തീരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സും രംഗത്തെത്തി. ഏകാധിപത്യഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് നേതാക്കള്‍ വിമര്‍ശിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here