ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്രകൾ ഇന്ന് സമാപിക്കും

ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്രകൾ ഇന്നു തൃശൂരിൽ സമാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമായി ആരംഭിച്ച മേഖലാ ജാഥകൾ പേരിയ ഇരട്ട കൊലപാതകത്തെത്തുടർന്ന് പ്രതിരോധത്തിലേക്ക് നീങ്ങുകയായിരുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളും സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും നവോത്ഥാന സംരക്ഷണവുമൊന്നും ജാഥകളിലൂടെ ചർച്ചയാക്കാൻ ഇടതുമുന്നണിക്കായില്ല.
വികസനം,സമാധാനം ഇതായിരുന്നു ഇടതുമുന്നണി കേരളസംരക്ഷണ യാത്രയുടെ മുദ്രാവാക്യം. പതിവില്ലാത്ത തരത്തിൽ സർക്കാരിന്റെ 1000 ദിവസം ആഘോഷമാക്കിയതും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു. ഇക്കാര്യങ്ങളിലൂന്നിയാണ് ഇടതു മുന്നണി രണ്ട് മേഖലാ ജാഥകൾ തുടങ്ങിയത്. തെക്കു നിന്ന് കോടിയേരിയും വടക്കു നിന്ന് കാനവും നയിച്ച ജാഥകൾ . ബിജെപി യേയും കോൺഗ്രസിനേയും കടന്നാക്രമിച്ചായിരുന്നു തുടക്കം.പേരിയ ഇരട്ടക്കൊലയോടെ ജാഥകൾ പ്രതിരോധത്തിലായി. വികസന രാഷ്ട്രീയം യാത്രയുടെ ഒരുഘട്ടത്തിലും ചർച്ചയാക്കാൻ ഇടതുമുന്നണിക്കായില്ല. സമാധാന ജീവിതം ഉറപ്പുനൽകുമെന്നു പ്രഖ്യാപിച്ചുള്ള യാത്രയിൽ അക്രമരാഷ്ട്രീയത്തിനു മറുപടി പറയേണ്ടി ഗതികേടിലായി മുന്നണി നേതൃത്വം. ഇരട്ടക്കൊലപാതകത്തെ തുടർന്ന് ജാഥ ഒരുദിവസം റദ്ദ് ചെയ്ത അസാധാരണ സാഹചര്യവുമുണ്ടായി. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും പേരിയ കൊലപാതകത്തിനു മറുപടി പറഞ്ഞ് നേതൃത്വം വശംകെട്ടു. മറുവശത്താകട്ടെ തണുപ്പൻ നിലയിൽ തുടങ്ങിയ മുല്ലപ്പള്ളിയുടെ ജനമഹാ യാത്രക്ക് ഇരട്ടക്കൊലപാതക ശേഷം മികച്ച പ്രതികരണവുമുണ്ടായി, ഇതിനിടെയാണ് ഇരു ജാഥകളും ഇന്ന് തൃശൂരിൽ സമാപിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here