ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രമേയം. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പാക് വാര്‍ത്താ വിതരണ മന്ത്രിയായ ഫവാദ് ചൗധരിയാണ് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിച്ചതും ഇന്ത്യന്‍ വൈമാനികനെ ഇന്ത്യക്ക് കൈമാറിയതും ഇമ്രാന്‍ ഖാന്റെ നിര്‍ണ്ണായക നീക്കമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് സമാധാനത്തിലുള്ള നൊബേല്‍ നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.
അതേസമയം, ഇമ്രാന്‍ ഖാന് നൊബേല്‍ സമ്മാനം നല്‍കുന്നതിനെ അനുകൂലിച്ചും പരിഹസിച്ചും ട്വീറ്റുകളും നിറഞ്ഞു. ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന് ഒരുകൂട്ടം വാദിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണിതെന്നായിരുന്നു മറുകൂട്ടം പറഞ്ഞത്. സമാധാനത്തിനല്ല, മറിച്ച് ഏറ്റവും വിവേക ശൂന്യനായ വ്യക്തിക്കുള്ള നൊബേലാണ് അദ്ദേഹത്തിന് നല്‍കേണ്ടതെന്നും ട്വീറ്റുകള്‍ ഉയര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here