ശിവരാത്രി; ആലുവ മണപ്പുറം ഒരുങ്ങി

പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. പത്ത് ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്ക്. ഭക്തര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളെല്ലാം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പിതൃതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
പെരിയാറിന്റെ തീരത്തായി ബലിത്തറകളുടെയും താല്‍ക്കാലിക ഓഫീസുകളും ഒരുങ്ങിക്കഴിഞ്ഞു. 178 ബലിത്തറകളാണ് ഇത്തവണ മണപ്പുറത്ത് ഉള്ളത്. നാളെ രാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച പകല്‍ 12 മണി വരെയാണ് ബലിതര്‍പ്പണം ചടങ്ങുകള്‍ നടക്കുക.
ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ ശിവരാത്രിക്കുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി കൂടുതല്‍ പോലീസിനെ ഇത്തവണ മണപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക ഫയര്‍സ്റ്റേഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നേവിയുടെയും ആരോഗ്യ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസും ഉണ്ടാകും. മെട്രോയും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് നാലിന് രാത്രി 1 മണിവരെയാണ് മെട്രോ സര്‍വ്വീസ് ഉണ്ടാകുക. മാര്‍ച്ച് അഞ്ചിന് പതിവിലും ഒരു മണിക്കൂര്‍ നേരത്തെ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 5 മണി മുതലാണ് മെട്രോ സര്‍വ്വീസ് തുടങ്ങുക. ആലുവ മുതല്‍ എറണാകുളം എംജി റോഡ്‍ മഹാരാജാസ് സ്റ്റേഡിയം വരെയാണ് മെട്രോയുടെ സര്‍വ്വീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here