കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാംവട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്

കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന മൂന്നാം വട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് എറണാകുളത്ത്. രണ്ടാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് എം ഉറച്ച് നില്‍ക്കുകയാണ്. അതേസമയം ഇന്ന് അന്തിമ ചര്‍ച്ച നടക്കാനിരിക്കെ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര ഭിന്നത പരിഹാരമില്ലതെ തുടരുകയാണ്.
രണ്ടാം സീറ്റെന്ന ആവശ്യമുന്നയിക്കുമ്പോഴും ഉറപ്പുള്ള ഒരു സീറ്റില്‍ ആര് മത്സരിക്കുമെന്നതാണ് കേരളകോണ്‍ഗ്രസ് എമ്മിലെ പ്രധാന തര്‍ക്കം. മത്സരിക്കാന്‍ പി ജെ ജോസഫ് പലകുറി പരസ്യമായി സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ കെ എം മാണി വഴങ്ങിയിട്ടില്ല. കോട്ടയം സീറ്റ് പി ജെ ജോസഫിന് വിട്ടുനല്‍കേണ്ടതില്ലെന്നാണ് മാണിവിഭാഗത്തിന്റെ നിലപാട്. ഭിന്നത പിളര്‍പ്പിലേക്കെത്തിയാലും പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് മാണി വിഭാഗം നേതാക്കള്‍ക്കിടയിലെ ധാരണ.
രണ്ടാം സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സമവായ ഫോര്‍മുല മുന്നോട്ട് വെക്കാനാവും ഇന്നത്തെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ശ്രമം. ഇരു ഗ്രൂപ്പിനും പൊതു സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്ന സമവായ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഇക്കാര്യവും കെഎം മാണി അംഗീകരിച്ചിരുന്നില്ല. പി ജെ ജോസഫിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് നേതൃതലത്തില്‍ നീക്കമുണ്ട്. ലോക്‌സഭാ സീറ്റില്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇരുവിഭാഗവും വിട്ട് വീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിയേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന രണ്ടാംവട്ട ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുമ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here