Advertisement

‘പ്രതിരോധ രേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ രാജ്യസുരക്ഷ’: സീതാറാം യെച്ചൂരി

March 6, 2019
5 minutes Read
modi said demonetization will abolish terrorism but that failed says sitaram yechury

പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷണം പോയെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിരോധ രേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്തവരുടെ കൈയിലാണോ രാജ്യസുരക്ഷയെന്ന് യെച്ചൂരി പരിഹസിച്ചു. അതേസമയം, ദി ഹിന്ദു പുറത്തുവിട്ട രേഖകള്‍ സത്യമാണെന്ന് സമ്മതിച്ചതിന് കേന്ദ്രസര്‍ക്കാരിന് യെച്ചൂരി നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ എഫ്‌ഐആര്‍ ഇപ്പോള്‍ പൂര്‍ണ്ണമായെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.


റഫാല്‍ കേസില്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കവെ പ്രതിരോധ രേഖകള്‍ മോഷണം പോയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. പ്രതിരോധ രേഖകള്‍ ഒരു കാരണവശാലും പത്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും അത് ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിയുടെ കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ എന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദങ്ങളോടുള്ള ജസ്റ്റിസ് കെ എം ജോസഫിന്റെ മറുചോദ്യം. രേഖ പരിശോധിക്കേണ്ടതില്ല എന്ന വേണുഗോപാലിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം സംബന്ധിച്ച് എ ജി വിശദീകരിക്കണമെന്നും കെ എം ജോസഫ് പറഞ്ഞു. രേഖകള്‍ മോഷ്ടിച്ചത് ക്രിമിനല്‍ കുറ്റമെന്നായിരുന്നു ഇതിന് മറുപടിയായി എജി പറഞ്ഞത്. കേസില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. ഈ മാസം പതിനാലിന് കേസ് വീണ്ടും പരിഗണിക്കും.

ഡിസംബറിലെ സുപ്രീംകോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top