കോണ്‍ഗ്രസിന് ദുശാഠ്യം; തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച തുക പോലും കിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

കോണ്‍ഗ്രസിന് ദുശാഠ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കെട്ടി വെച്ച തുക പോലും നഷ്ടമാവുന്ന അവസ്ഥയുണ്ടാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ പരിശ്രമിച്ചിരുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് കാര്യം മനസ്സിലായില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ എഎപിക്ക് മാത്രമേ സാധിക്കുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എഎപിക്കും ഇടയില്‍ വിഘടിച്ചു പോകരുതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിന് സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ സോണിയാ ഗാന്ധിയും ഷീലാ ദീക്ഷിത്തും തമ്മില്‍ സഖ്യ സാധ്യതയെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here