Advertisement

കാസര്‍കോട്; കാറ്റു മാറി വീശാത്ത ഇടതുകോട്ടയ്ക്ക് ഇത്തവണ ഇളക്കം തട്ടുമോ?

March 10, 2019
1 minute Read

കോട്ടകള്‍ക്ക് പേരു കേട്ട കാസര്‍കോടിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി 30 വര്‍ഷങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുന്ന ചരിത്രമാണുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങുന്നു കാസര്‍കോടിന്റെ ഇടതു ചായ്‌വ്. ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 12 തവണയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഇവിടെ വിജയിച്ചത്. 1971, 1977, 1984   വർഷങ്ങളിൽ മാത്രമാണ് മണ്ഡലം ഇടതിനെ കൈവിട്ടത്. 1971 ല്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇ കെ നായനാര്‍ക്കെതിരെ അട്ടിമറി ജയം നേടിയത് അന്ന് ഇരുപത്തിയാറുകാരനായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു.

യുവതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്കാണ് ലോക്‌സഭയിലേക്ക് പോയത്. അടുത്ത തെരഞ്ഞെടുപ്പിലും കടന്നപ്പള്ളി വിജയം ആവര്‍ത്തിച്ചു.  ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കളത്തിലിറങ്ങുന്നത്. ബിജെപി യാകട്ടെ ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ കാസര്‍കോട് മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലുമാണ്.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളും ചേര്‍ന്നതാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം.മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ച് എണ്ണത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍ഡിഎഫാണ്.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരിഎല്‍ ഡി എഫ്
കാസര്‍ഗോഡ്, മഞ്ചേശ്വരം – യു ഡി എഫ്

1980 ല്‍ ഇടതുമുന്നണി രൂപം കൊണ്ടതിന് ശേഷം 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടായപ്പോള്‍ ഒരു തവണ മാത്രമാണ് ഇടതുപക്ഷത്തിന് സീറ്റ് നഷ്ടപ്പെട്ടത്. യുഡിഎഫിലെ ഐ രാമറൈ സിപിഐ എം നേതാവ് ഇ ബാലാനന്ദനെയാണ് തോല്‍പ്പിച്ചത്. ഇപ്പോഴത്തെ എം.പി പി കരുണാകരന്‍ 2014ലെ തെരഞ്ഞടുപ്പില്‍ വിജയിച്ചത് 6921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.മുന്‍വര്‍ഷത്തേതില്‍ നിന്നും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞു.പി കരുണാകരന് മൂന്നാം ഊഴം നല്‍കി എന്നത് മണ്ഡലത്തിലെ പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കുള്ളില്‍ പോലും മടുപ്പുണ്ടാക്കി.

എന്നാല്‍ നിലവിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ മണ്ഡലത്തില്‍ എല്ലായിടത്തും ഒരുപോലെ സ്വീകാര്യനാണെന്നതാണ് പാര്‍ട്ടി ഉയര്‍ത്തികാണിക്കുന്നത്. അതേ സമയം പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ച് സി പി എമ്മിനെതിരായ ആരോപണങ്ങള്‍ ഇടതു പക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് അസംബ്ലി മണ്ഡലത്തില്‍ തിരിച്ചടിയായേക്കാം. കാസര്‍കോട്ടെ ഏഴു മണ്ഡലത്തില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് എം.എല്‍.എയില്ല. അതേ സമയം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെ കരുത്തില്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

വികസനം

97 ശതമാനം എം പി ഫണ്ട് കാസര്‍കോട് മണ്ഡലത്തില്‍ ചെലവഴിച്ചിട്ടുണ്ട്. റെയില്‍വെ വികസനത്തിന് ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച മണ്ഡലമെന്ന പ്രത്യേകതയുമുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ 125 കോടിയുടെ റോഡ് നിര്‍മാണം, കൊല്ലം-കോട്ടപ്പുറം ജലപാത കാസര്‍ഗോഡ് വരെ നീട്ടുന്നതിന് തീരുമാനമുണ്ടായി എന്നിവയും നിലവിലെ വികസനങ്ങളില്‍പ്പെടുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില

പി.കരുണാകരന്‍  (എല്‍ഡിഎഫ്)      – 3,84,964
ടി.സിദ്ദിഖ്                  (യുഡിഎഫ്)          – 3,78,043
കെ.സുരേന്ദ്രന്‍        (ബിജെപി)               – 1,72,826

                           ഭൂരിപക്ഷം6921

ആകെ വോട്ട്: 12,40,463
പോള്‍ ചെയ്തത്– 9,73,613

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top