മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി. 2017 ഏപ്രിൽ ഒന്നുമുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നളിനി നെറ്റോ.
Read More: എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു
ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിക്കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ ആഭ്യന്തര സെക്രട്ടറിയായിരുന്നു നളിനി നെറ്റോ. പിന്നീട് ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെടുകയായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്നപ്പോഴുണ്ടായിരുന്ന അതേ ശമ്പളത്തിന് തന്നെയായിരുന്നു പുതിയ നിയമനവും.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നു കൂടിയായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്തിരുന്നത് നളിനി നെറ്റോ ആയിരുന്നു. എന്നാൽ, ഓഫീസിലെ ചിലരുമായുള്ള ശീതയുദ്ധത്തോടെ ഫയലുകള്‍ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഭിന്നതകളുമാണ് രാജിയിലേക്ക് നയിച്ചത്.പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പദവി ഒഴിയാൻ തയ്യാറായ നളിനി നെറ്റോയോട് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുടരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. എന്നാൽ ഇത് അംഗീകരിക്കാതെയാണ് രാജി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. തൊട്ടു പിന്നാലെ പ്രിൻസിപ്പൽ സെക്രട്ടറിയും രാജിവെച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് സുപ്രധാന പദവികളിൽ ആളില്ലാതായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here