സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരില്‍; സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ത്ഥിത്വമുറപ്പിച്ച് കെ സുധാകരന്‍ കണ്ണൂരിലെത്തി. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം കണ്ണൂരില്‍ തിരിച്ചെത്തിയ കെ.സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിയത്. അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള പോരാട്ടമാണ് ഇത്തവണയെന്നും കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. തത്വത്തില്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്നും പ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെയും കാസര്‍കോട്ടെയും മലപ്പുറത്തെയും രക്തസാക്ഷികളുടെ വികാരങ്ങള്‍ നെഞ്ചിലേറ്റിയാണ് യുഡിഎഫ് കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.ഏത് രാഷ്ട്രീയ പ്രതിസന്ധിയും അതിജീവിക്കാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്നുള്ള പ്രഖ്യാപനവുമായാണ് താന്‍ മത്സരത്തിനിറങ്ങുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. അക്രമരാഷ്ട്രീയം കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കുമെന്നും രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Read Also: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം തീരുമാനമായില്ല; അന്തിമ പട്ടിക 15 ന്
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കണ്ണൂരില്‍ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. ഇത്തവണ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞു നിന്നെങ്കിലും കണ്ണൂരില്‍ കെ സുധാകരനെയല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഡിസിസി നേതൃത്വവും യുഡിഎഫും ആലോചിച്ചതു പോലുമില്ല. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ സുധാകരന് ഡിസിസിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം ഒരുക്കിയത്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കണ്ണൂര്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ തുടങ്ങാനാണ് യുഡിഎഫിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here