Advertisement

എസ്ഡിപിഐ കൂടിക്കാഴ്ച; സ്ഥാനാര്‍ത്ഥികള്‍ വിശദീകരണം നല്‍കിയെന്ന് കെ.പി.എ മജീദ്

March 15, 2019
0 minutes Read

കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ രഹസ്യകൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന വിശദീകരണമെന്നും മലപ്പുറം, പൊന്നാനി സംയുക്ത പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിശദീകരണം നല്‍കിയതെന്നും കെപിഎ മജീദ് പറഞ്ഞു. എസ്ഡിപിഐ യുമായി ഭാവിയിലും മുസ്ലീം ലീഗ് യാതൊരു ചര്‍ച്ചകളും നടത്തില്ലെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് കൊണ്ടോട്ടിയിലെ ഹോട്ടലില്‍ എസ്ഡിപിഐ ,പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ രഹസ്യ കൂടിക്കാഴ്ച നടന്നത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു മുസ്ലീം ലീഗ് നേതാക്കളുടെ ചര്‍ച്ച. ചര്‍ച്ചയ്ക്കായി നേതാക്കളെത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് സംഭവം വിവാദമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പിന്തുണ തേടിയാണ് മുസ്ലീം ലീഗ് നേതാക്കള്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു കെടിഡിസി ഹോട്ടലിലെ കൂടിക്കാഴ്ച. ഇ ടി മുഹമ്മദ് ബഷീറാണ് ഹോട്ടലില്‍ ആദ്യമെത്തിയത്. പിന്നാലെ എസ്ഡിപിഐ നേതാക്കളും തൊട്ടു പിന്നാലെ കുഞ്ഞാലിക്കുട്ടിയുമെത്തി. പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ലീഗ് വോട്ടു ചോര്‍ച്ച പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇത്തവണ മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. പൊന്നാനിയില്‍ കെ സി നസീറാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ 26640 വോട്ടുകള്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top