പി ജെ ജോസഫിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയെന്ന് രമേശ് ചെന്നിത്തല

പി ജെ ജോസഫിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവരും. ഉയര്‍ന്നിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് നാളെ പരിഹാരമാകുമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
പി ജെ ജോസഫുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം യുഡിഎഫില്‍ തുടരണമെന്നാണ് ആഗ്രഹം. യുഡിഎഫ് വിടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഒരുമിച്ച് പോകണമെന്നാണ് കോണ്‍ഗ്രസ് താല്പര്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ജോസഫുമായി ചര്‍ച്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളത്. സര്‍വേ ഫലങ്ങളിലും അക്കാര്യം വ്യക്തമാണ്. അത് തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. അത് ജനങ്ങള്‍ മനസിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പി ജെ ജോസഫ് നേരത്തേ രംഗത്തെത്തിയിരുന്നു. പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here