വെസ്റ്റ് നൈല്‍ വൈറസ്; കേന്ദ്ര വിദഗ്ധ സംഘം മലപ്പുറത്തെത്തി

കേരളത്തില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര വിദഗ്ധ സംഘം മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തി. പനി ബാധിച്ച കുട്ടിയുടെ മലപ്പുറം വേങ്ങര – എ. ആര്‍. നഗറിലെ വസതിയിലും പരിസരത്തും കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി. വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് വിദഗ്ധ സംഘം പറഞ്ഞു. കൊതുകുകളിലൂടെ മാത്രമേ വൈറസ് ബാധ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തൂ. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ വിലയിരുത്തല്‍.
മലപ്പുറത്ത് ആറു വയസ്സുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്നലെ ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കേന്ദ്രസംഘവും എത്തിയത്. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നേരത്തെ അറിയിച്ചിരുന്നു.ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് രോഗം മനുഷ്യരിലേക്ക് പ്രധാനമായും പടരുന്നത്. മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലെന്നതാണ് നിലവില്‍ നേരിടുന്ന വെല്ലുവിളി. വെസ്റ്റ് നൈല്‍ വൈറസ് അത്ര അപകടകാരിയല്ലെങ്കിലും രോഗം മുഴുവനായും വിട്ടുമാറാന്‍ മാസങ്ങളോളം സമയം വേണ്ടിവരും. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
എന്നാല്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയവയും ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. വളരെ ചെറിയ ശതമാനം ആളുകളില്‍ മാത്രം വൈറസ് ബാധ ഗുരുതരമായ മസ്തിഷ്‌ക വീക്കത്തിനും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here