പള്ളിത്തര്‍ക്കം; ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനായി മന്ത്രിതല സമിതി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ . സുപ്രീംകോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. അത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കയ്യേറിയവര്‍ അകത്തും ഉടമസ്ഥര്‍ പുറത്തും നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ ദുരവസ്ഥ സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നതായും ഇത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിന്ന് കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്.
ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ ഇന്നലെയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചര്‍ച്ചാ തീയതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഇരുവിഭാഗവുമായും ഇ പി ജയരാജന്‍ കണ്‍വീനറായ മന്ത്രിതല സമിതി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെയുള്ള പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഏറെ ചര്‍ച്ചയായിരുന്നു. നേരത്തെ പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്സ് സഭയും പൊലീസിനെ കൊണ്ട് ബലപ്രയോഗം നടത്തുന്നതിനെതിരെ യാക്കോബായ സഭയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഓര്‍ത്തഡോക്സ് വിഭാഗം ഇടതുമുന്നണിയോട് അകലം പാലിക്കാനും തുടങ്ങി.
മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ ഇരു സഭകളും നിര്‍ണായകമായതിനാല്‍ കൂടിയാണ് മന്ത്രിതല സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥതയ്ക്ക് ശ്രമങ്ങള്‍ തുടങ്ങിയത്. ഓര്‍ത്തഡോക്സ് സഭ, യാക്കോബായ സഭ , സഭാ സംരക്ഷണ സമിതി എന്നിവരുമായി ചൊവ്വാഴ്ച വെവ്വേറെ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇ പി ജയരാജനു പുറമേ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി , എ കെ ശശീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങള്‍ . സഭാ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here