ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ച് വരവ് വൈകില്ല : കേരള ക്രിക്കറ്റ് അസോസിയേഷൻ

ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ച് വരവ് വൈകില്ലെന്ന് സൂചന നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബി സി സിഐയിൽ സമ്മർദ്ദം ചെലുത്തുമെന്നും, കേരള ക്രിക്കറ്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഇക്കാര്യം ചർച്ച ചെയുമെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് നായർ വ്യക്തമാക്കി.
വാത് വെപ്പ് വിവാദങ്ങളുടെ നാളുകളിൽ ശ്രീശാന്തിനെ പരസ്യമായി പിന്തുണക്കാനാകാതിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇപ്പോൾ ശ്രീക്കായി ശക്തമായ നിലപാടുകളോടെ രംഗത്തെത്തിയിരിക്കുകയാണ്. കളിക്കളത്തിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് ഉടൻ ഉണ്ടാകുമെന്നും, ഇതിന് കെ സി എയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്നും അസോസിയേഷൻ സെക്രട്ടറി ശ്രീജിത് നായർ വ്യക്തമാക്കി.
Read Also : ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി
23 ന് ചേരുന്ന കെസിഎ ജനറൽ ബോഡി യോഗം ശ്രീശാന്തിന് വേണ്ടി പ്രമേയം പാസാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയും. വരുന്ന രഞ്ജി സീസണിൽ ശ്രീശാന്തിന് കേരളത്തിനായി കളത്തിലിറങ്ങാനാകുമെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് നായർ 24 നോട് പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഔട് സിംഗർ ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് കരിയറിന് വർഷങ്ങളുടെ ഇടവേള ഉണ്ടായെങ്കിലും ശക്തമായി തിരിച്ച് വരാൻ കഴിവുള്ള താരമാണ് അദ്ദേഹം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, ശ്രീശാന്തിനെതിരായ നടപടി ബി സി സിഐ നീട്ടികൊണ്ട് പോകുമെന്ന് കരുതുന്നിലെന്നും ശ്രീജിത്ത് നായർ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here