കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം; നാലു സീറ്റുകളിൽ തീരുമാനത്തിന് പുതിയ ഫോർമുല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്ക പരിഹാരത്തിന് ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ ഫോർമുല ചർച്ച ചെയ്യും. വയനാട് ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ ടി സിദ്ധിഖ്, ആറ്റിങ്ങൽ അടൂർ പ്രകാശ്, വടകര വിദ്യ ബാലകൃഷ്ണൻ എന്നിവരെ സ്ഥാനാർഥി ആക്കണമെന്നാണ് ആവശ്യം. എന്നാല്‍ എ ഗ്രൂപ്പ് ഇതിന് വഴങ്ങിയിട്ടില്ല. ടി സിദ്ധിഖിന് വയനാട് തന്നെ നൽകണമെന്ന് സമ്മർദ്ധമുണ്ട്. വയനാട് ഇല്ലെങ്കില്‍ മത്സര രംഗത്തേക്ക് തന്നെയില്ലെന്നാണ് സിദ്ധിഖിന്റെ നിലപാട്.
വയനാട്, വടകര, ആലപ്പുഴ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. ഇതില്‍ വയനാട് സീറ്റിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. വയനാട് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ടി സിദ്ധിഖിനൊപ്പം ഷാനിമോള്‍ ഉസ്മാനും രംഗത്തുണ്ട്. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയില്‍ എത്തും. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും നാല് സീറ്റുകളിലെ സ്ഥാനാത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ.
പന്ത്രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തൃശൂരില്‍ ടി എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ രണ്ടാംവട്ട കൂടിക്കാഴ്ചക്ക് പിന്നാലെ എറണാകുളത്തെ സ്ഥാനാര്‍ത്ഥി വിഷയം സംബന്ധിച്ച് ഇടഞ്ഞ് നിന്ന കെവി തോമസ് മയപ്പെട്ടിരുന്നു. താന്‍ പാര്‍ട്ടി വിടില്ലെന്നും കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം ഇതിന് പിന്നാലെ വ്യക്തമാക്കി രംഗത്ത് എത്തുകയും ചെയ്തു. സ്ഥാനമാനങ്ങള്‍ കണ്ടല്ലപാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കും. പ്രത്യേക സാഹചര്യത്തിലാണ് താന്‍ പ്രതിഷേധിച്ചത്. സീറ്റു ലഭിക്കാത്തതിലല്ല, തന്നോടുള്ള സമീപനത്തിലാണ് പ്രതിഷേധം. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ല. ബിജെപിയിലേക്ക് പോകുന്നതിന് അവര്‍ ഒരു വാഗ്ദാനവും വെച്ചുനീട്ടിയില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here