Advertisement

വെള്ളാപ്പള്ളി നടേശനുമായി ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി

March 20, 2019
0 minutes Read

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് ഇന്നസെന്റ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. ഇന്നസെന്റ് ജനകീയനായ നേതാവാണെന്നും പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഒരു സിനിമാ നടന്‍ എന്ന നിലയില്‍ ഇന്നസെന്റ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനകീയനായി വരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അദ്ദേഹം ചാലക്കുടിയില്‍ വിജയിക്കുമെന്നും കരുതിയിട്ടുണ്ടാകില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയെന്നല്ല ആരെക്കുറിച്ചും അധികം വിമര്‍ശനം ഉന്നയിക്കാത്ത ആളാണ് ഇന്നസെന്റ്. മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്നസെന്റിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിലൊന്നും അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയില്ല.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായിട്ടില്ലെന്നും തന്റെ നിലപാട് മുന്‍പ് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണ്. ആരും മോശമെന്ന് പറയാന്‍ പറ്റില്ല. ഷാനിമോള്‍ ഉസ്മാനെ വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ നിര്‍ത്താമായിരുന്നു. തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനിമോളെ കോണ്‍ഗ്രസ് ചതിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, രാഷ്ട്രീയം മാത്രമല്ല, വികസനവും താന്‍ പറയുന്നുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മാത്രം പറഞ്ഞാല്‍ ജനങ്ങള്‍ തന്റെ വ്യക്തിത്വവും അളക്കും. വോട്ടു തേടി എന്‍എസ്എസിനെ സമീപിക്കില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top