Advertisement

കെവിൻ വധക്കേസ് പരിഗണിക്കുന്നത് മാറ്റി

March 20, 2019
1 minute Read

കെവിൻ വധക്കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി. കേസ് പരിഗണിച്ചിരുന്ന അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സ്ഥലം മാറിയതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. 26ന് പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും.

പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.
ഒന്നാം പ്രതി സ്യാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിൻ ജോസഫിനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ വർഷം മെയ് ഇരുപത്തിയേഴിനാണ് കെവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

Read Also : കെവിൻ വധക്കേസ്; കുറ്റപത്രം കോടതി അംഗീകരിച്ചു

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

പിന്നീട് മെയ് 27-ന് നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top