‘ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തുക, മറ്റൊരു പെണ്‍കുട്ടിയെക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്’: വി ടി ബല്‍റാം

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടിയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണെന്നും സിപിഐഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു.
കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പീഡന പരാതി വന്നത്. പാര്‍ട്ടി ഓഫീസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്നാണ് യുവതി മങ്കര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പരാതി വിശദമായ അന്വേഷണത്തിനായി ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. അതേസമയം, ആരോപണവിധേയനായ യുവാവിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി അറിയിച്ചു. പീഡനപരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Read more: സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്താണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. യുവതിയേയും കുഞ്ഞിനേയും പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here