Advertisement

ഓച്ചിറയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവം; പൊലീസ് മഹാരാഷ്ട്രയിലേക്ക്

March 23, 2019
0 minutes Read

ഓച്ചിറയില്‍ പതിമൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നു. ബംഗളൂരുവിലും രാജസ്ഥാനിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുന്നത്. അതേസമയം, പെണ്‍കുട്ടിയെ കാണാതിയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. പ്രതിയും പെണ്‍കുട്ടിയും എവിടെയാണെന്നത് സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് പൊലീസ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വഴിയോര കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ കടത്തിയത്. പ്രദേശത്തെ സിപിഐഎം നേതാവിന്റെ മകനായ മുഹമ്മദ് റോഷനാണ് കേസിലെ പ്രധാന പ്രതി. പെണ്‍കുട്ടിയുമായി ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. രണ്ട് വനിത പൊലീസ് ഉള്‍പ്പെടെ എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ബംഗളൂരുവില്‍ എത്തിയത്. സംഘം രണ്ട് വിഭാഗമായി തിരിഞ്ഞ് ബംഗളൂരുവില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടിയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചില്ല. ബംഗളൂരു പൊലീസിന്റെ സഹായവും കേരള പൊലീസ് തേടി. തുടര്‍ന്ന് മറ്റൊരു സംഘം രാജസ്ഥാനില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിക്ക് തൃശൂര്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മുഹമ്മദ് റോഷനെതിരെ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഇതുവരം മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് കൊല്ലം ഡിസിസി ഇന്നലെ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top