ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോളി ദിനത്തില്‍ നാല്പതോളം ആളുകള്‍ ചേർന്ന് ഇരുമ്പ് ദണ്ഡും വടികളും ഉപയോഗിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ നാല് പുരുഷന്മാര്‍ ചികിത്സയിലാണ്.
ഗുരുഗ്രാമിലെ ബോന്ധ്സില്‍ താമസിക്കുന്ന മുഹമ്മദ് ദില്‍ഷാദിനെയും കുടുംബത്തെയുമാണ് മദ്യലഹരിയിലായിരുന്ന അക്രമികള്‍ ഗുരുതരമായി തല്ലി പരിക്കേല്‍പ്പിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ വഴിയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ദില്‍ഷാദിന്‍റെ കുടുംബാഗങ്ങളോട് കളി നിർത്തി വെക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. അത് കണക്കിലെടുക്കാതെ കളി തുടർന്നപ്പോഴുണ്ടായ വാക്ക് തർക്കമാണ് വലിയ ആക്രമണത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമികള്‍ സംഘടിച്ചെത്തി ദില്‍ഷാദിന്‍റെ ഇരുനില വീടിന്‍റെ ജനല്‍ ചില്ലുകളും ഇരു ചക്ര വാഹനങ്ങളും തകർത്തു പിന്നീട് അകത്ത് കയറി കുടുംബാഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് പലരും നിലത്ത് വീണു. എന്നിട്ടും ആക്രമണം തുടർന്നെന്നു. പോലീസിനെ വിവരം അറിയിച്ച് നാല്പത് മിനിറ്റ് കഴിഞ്ഞ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here