‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’; മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം

മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഇതിനോടകം ട്രോളുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സംഭവത്തില്‍ മന്ത്രിക്ക് നല്‍കാന്‍ വിശദീകരണമുണ്ട്. ‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’ എന്നായിരുന്നു ഇത് സംബന്ധിച്ച് ചോദിച്ച ട്വന്റി ഫോറിന്റെ റിപ്പോര്‍ട്ടറോട് കണ്ണന്താനം മറുചോദ്യം ചോദിച്ചത്. കൊച്ചി വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡലത്തിലാണ്. അത് ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും അറിയില്ലേ എന്നും കണ്ണന്താനം ചോദിച്ചു.
താന്‍ വേറെ മണ്ഡലത്തിലാണ് ഇറങ്ങിയത്. കണ്ടവരോടൊക്കെ വോട്ട് ചെയ്യണമെന്ന് പറയുകയാണ് ചെയ്തത്. തനിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞില്ല. നിങ്ങള്‍ വോട്ടു ചെയ്യണം ജയിപ്പിക്കണം എന്നാണ് പറഞ്ഞതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
എറണാകുളം മണ്ഡലമാണെന്നു കരുതി ചാലക്കുടി ലോക്‌സഭാ പരിധിയില്‍പ്പെടുന്ന ആലുവയിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇന്നലെ വോട്ടു ചോദിച്ചത്. ഡല്‍ഹിയില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തി അവിടെ നിന്നും ബസില്‍ ആലുവയില്‍ എത്തിയപ്പോഴാണ് വഴിയില്‍ കണ്ടവരോട് അദ്ദേഹം വോട്ടു ചോദിച്ചത്. ആലുവ ചാലക്കുടി മണ്ഡലത്തിലാണെന്ന് പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചപ്പോഴാണ് മന്ത്രി അബദ്ധം തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാരോടും ബന്ധുക്കളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവരോടും മന്ത്രി വോട്ടു ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here