കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി തള്ളി; ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. 2015ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസില്‍ ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഹാര്‍ദികിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായേക്കില്ല.
പട്ടേല്‍ സംവരണ സമരവുമായി ബന്ധപ്പെട്ടാണ് ഹാര്‍ദിക് പട്ടേലിനെതിരെ കേസെടുത്തത്. 2018 ജൂലൈയില്‍ വിസ്‌നഗറിലെ സെഷന്‍സ് കോടതി ഹാര്‍ദികിന് രണ്ട് വര്‍ഷത്തെ തടവ് വിധിച്ചു. 2018 ആഗസ്തില്‍ ഗുജറാത്ത് ഹൈക്കോടതി ഹാര്‍ദികിന് ജാമ്യം അനുവദിക്കുകയും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ വെച്ച് ഈ മാസം ഹാര്‍ദിക് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ഹാര്‍ദിക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here