ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവിട്ടത് ബിജെപി

തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് ബിജപി. ഫെയ്‌സ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21 കോടി രൂപയുമാണ് ബി.ജെ.പി ചെലവാക്കിയത്. ഫെയ്‌സ്ബുക്കും ഗൂഗിളും പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് 7.75 കോടി രൂപ ബി.ജെ.പി ചെലവിട്ടത്. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത് പരിപാടിയുടെ പരസ്യത്തിന് വേണ്ടി 2.23 കോടി രൂപയുമാണ് ചെലവിട്ടത്. ബി.ജെ.പിയുടെ സ്വന്തം പേരില്‍ ഫെയ്‌സ്ബുക്കില്‍ ചെലവാക്കിയത് 37.74 ലക്ഷം രൂപയാണ്.
മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പ്രചാരണ പരിപാടിയുടെ പേരില്‍ മാത്രം ബി.ജെ.പി ഫെയ്‌സ്ബുക്കിന് നല്‍കിയത് 1.05 കോടി രൂപയാണ്. നേഷന്‍ വിത്ത് നമോ എന്ന പേരില്‍ ചെലവാക്കിയത് 59.15 ലക്ഷം രൂപയും. വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് കൂടുതല്‍ തുക ചെലവിട്ട മറ്റ് രണ്ട് പാര്‍ട്ടികള്‍. രണ്ടിടത്തും ബി.ജെ.പിയേക്കാള്‍ ഏറെ പിന്നിലാണ് കോണ്‍ഗ്രസ് പരസ്യത്തിനായി ചെലവാക്കിയ തുക. ഇതുവരെ ആകെ ചെലവിട്ടത് 5.91 ലക്ഷം രൂപ മാത്രമാണ്.
ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ കക്ഷികളും ഏജന്‍സികളും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ട്മാസത്തിനുള്ളില്‍ ആകെ ചെലവാക്കിയത് 103,224,794 രൂപയാണ്. ഫെബ്രുവരി 19 മുതല്‍ ഗൂഗിളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് 37,616,400 രൂപയും. രണ്ടുമാസത്തിനുള്ളില്‍ 51,810 പരസ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here