പ്രഫുൽ പട്ടേൽ ഫിഫ എക്സിക്യൂട്ടീവ് കൗൺസിലംഗം; ഇന്ത്യൻ ഫുട്ബോളിന് ചരിത്ര നേട്ടം

ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഫിഫയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഇടം പിടിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ഇതോടെ പ്രഫുല്‍ പട്ടേല്‍ സ്വന്തമാക്കി. വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. 38 വോട്ടുകള്‍ നേടിയാണ് പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്വാലാലംപുരില്‍ നടന്ന 29ആമത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യയ്ക്ക് പുറമേ, ഖത്തര്‍, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, കൊറിയ റിപ്പബ്ലിക്ക്, ചൈന, ഇറാന്, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ മത്സരിച്ചു. നാല് വര്‍ഷമാണ് പ്രഫുല്‍ പട്ടേല്‍ ഫിഫ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുക. 2019 മുതല്‍ 2023 വരെയാണ് കാലാവധി.
ഇന്ത്യന്‍ ഫുട്ബോളിലെ നാഴിക്കല്ലാണ് പട്ടേലിന്റെ വിജയമെന്ന് ഓള്‍ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വൈസ് പ്രസിഡന്റ് സുബ്രത ദത്ത വിശേഷിപ്പിച്ചു. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വ മികവ് ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നും, ഏഷ്യന്‍ ഫുട്ബോളിനും ഇത് വഴി നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ഫുട്ബോളില്‍ ശക്തമായ ശബ്ദമായി മാറാന്‍ പ്രഫുല്‍ പട്ടേലിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വം ഇന്ത്യയ്ക്ക് സഹായകമാകും. സാവധാനം ശക്തി പ്രാപിക്കുന്ന ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചയ്ക്കും ഈ നേട്ടം സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here