കിഫ്ബി മസാല ബോണ്ടില്‍ അഴിമതി; ബോണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

കേരള സര്‍ക്കാരിന്റെ കിഫ്ബിയുടെ മസാല ബോണ്ടില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സിഡിപി ക്യം കനേഡിയന്‍ കമ്പനിക്കാണ് കിഫ്ബി മസാല ബോണ്ട് വിറ്റത്. എസ്എന്‍സി ലാവ്‌നില്‍ ഈ കമ്പനിക്ക് 20% ഷെയറാണ് ഉള്ളത്. 9.8% കൊള്ള പലിശയ്ക്കാണ് സര്‍ക്കര്‍ ഈ മസാല ബോണ്ടുകള്‍ നല്‍കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ലാവ്‌ലിന്‍ കമ്പനിയുമായി പിണറായി വിജയന് ഉള്ള ബന്ധം കൊണ്ടാണ് ബോണ്ടുകള്‍ ഈ കമ്പനിക്ക് നല്‍കിയത്. ഇതില്‍ വലിയ അഴിമതി ഉണ്ട്. ബോണ്ട് വിറ്റഴിച്ചതിന്റെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണം. സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. ഇതുമായി ബന്ധപെട്ട ഉള്ളുകളികള്‍ ഇനിയും പുറത്ത് കൊണ്ട് വരും. എങ്ങനെ ബോണ്ടു വാങ്ങി, എവിടെ വച്ചാണ് ചര്‍ച്ച നടത്തി തുടങ്ങി പൂര്‍ണ്ണ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ദേവസ്വം മന്ത്രി പറഞ്ഞത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ഒരു മന്ത്രി ഇങ്ങനെ പറയുന്നത് ജനങ്ങളെ ഭയപെടുത്താനാണ്. ഈക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന് പരാതി കൊടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here