സുരേഷ് ഗോപിയുടേത് സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടി; ദൈവത്തെ വോട്ടില്‍ വലിച്ചിഴക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. സുരേഷ് ഗോപിയുടേത് സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണെന്ന് ടിക്കാറാം മീണ പറഞ്ഞു. മതവും വിശ്വാസവും വ്യക്തിപരമായ കാര്യമാണ്. പക്ഷേ ദൈവത്തെ വോട്ടില്‍ വലിച്ചിഴക്കാന്‍ പാടില്ല. സുപ്രീംകോടതി വിധിയുടെ ലംഘനമാണത്. സുരേഷ് ഗോപി ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കി തെരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും ടിക്കറാം മീണ പറഞ്ഞു.
സുരേഷ് ഗോപിയുടേത് പെരുമാറ്റചട്ടലംഘനമാണ്. പ്രഥമദ്യഷ്ടാ ചട്ടലംഘനം വ്യക്തമാണ്. ചട്ടലംഘനമുണ്ടായാല്‍ നടപടി എടുക്കും. കളക്ടര്‍ ഭരണഘടനാ ചുമതല നിറവേറ്റുന്ന ആളാണ്. നടപടിയെടുക്കാനുള്ള ഭരണഘടനാപരമായ അധികാരം കളക്ടര്‍ക്കുണ്ട്. മറുപടി നല്‍കിയാല്‍ കളക്ടര്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കും. കളക്ടറെ ഭീഷണിപ്പെടുത്താന്‍ പാടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ടിക്കറാം മീണ വ്യക്തമാക്കി.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ ഇന്നലെയാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. അയ്യന്റെ അര്‍ത്ഥം അവര്‍ അന്വേഷിക്കട്ടെ. എന്താണ് പറഞ്ഞതെന്ന് കൃത്യമായ ബോധ്യമുണ്ട്. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
അതിനിടെ അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിക്കുന്നത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്നും നോട്ടീസിന് നിയമപരമായി മറുപടി നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here