‘പിഎം മോദി’ റിലീസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ഇടപെടാനാകില്ലെന്നും സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇത്തരം സിനിമകൾ പെരുമാറ്റച്ചട്ടം ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അതേസമയം, ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
23 ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാർ. ബോളിവുഡ് നടന് വിവേക് ഒബ്റോയി ആണ് ചിത്രത്തിൽ മോദി ആയി വേഷമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here